മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ആനയിറങ്കല്‍ -ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ആദ്യം ഒഴിപ്പിച്ചത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി.
അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കര്‍ അമ്പത്തി അഞ്ച് സെന്റ് സ്ഥലമാണ് ആദ്യം ഒഴിപ്പിച്ചത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടെന്ന് കാണിച്ച് റ്റിജു നല്‍കിയ അപ്പീല്‍ ജില്ലാ കളക്ടര്‍ തള്ളിയതിന് പിന്നാലെയാണ് നടപടി.
കയ്യേറ്റ ഭൂമിയില്‍ ദൗത്യ സംഘം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. രാവിലെ ആറോടെയാണ് സംഘം സ്ഥലത്തെത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച കയ്യേറ്റങ്ങളുടെ പട്ടികയിലുള്ള ഏലത്തോട്ടമാണിത്. മറ്റു സ്ഥലങ്ങളില്‍ ഒഴിപ്പിക്കല്‍ ഇന്നില്ലെന്ന് റവന്യു സംഘം അറിയിച്ചു.
അതിനിടെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കി എന്ന പരാതിയാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. അതേസമയം അഞ്ച് സെന്റില്‍ കുറവുള്ളവരെ ഒഴിപ്പിക്കലല്ല ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി ഉയുണ്ടാകുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു.