ഗ്രീക്ക് ദേവതയായ സൈക്കിയുടെ പേരിലുള്ള ഒരു ഛിന്നഗ്രഹമുണ്ട് ബഹിരാകാശത്ത്. ചൊവ്വയുടെയും വ്യാഴത്തിന്റെയുമിടയിലെ ഛിന്നഗ്രഹ ബെൽറ്റിൽ സ്ഥിതിചെയ്യുന്ന 16 സൈക്കി. ഈ ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞദിവസം നാസ അവരുടെ സൈക്കി മിഷൻ വിക്ഷേപിച്ചിരുന്നു. ഫ്‌ളോറിഡയിലെ കേപ് കനാവെറലിൽ നിന്ന് സ്‌പേസ് എക്സ് ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു പേടകത്തിന്റെ വിക്ഷേപണം. 3.5 ബില്യൺ കിലോമീറ്റർ സഞ്ചരിച്ച് 2029 ആഗസ്റ്റിൽ സൈക്കിയുടെ അടുത്തെത്തുന്ന പേടകത്തിന്റെ ദൗത്യം 2031ൽ അവസാനിക്കും.
സൈക്കിയുടെ 60 ശതമാനവും നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമ്മിതമാണെന്നാണ് ശാസ്‌ത്രജ്ഞർ കരുതുന്നത്. ഇതിന് പരമാവധി 279 കിലോമീറ്റർ വ്യാസമാണുള്ളത്. 1852ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ആനിബാലെ ഡി ഗാസ്പാരിസ് ആണ് സൈക്കിയെ കണ്ടെത്തിയത്. സാധാരണഗതിയിൽ പാറയും ഐസും ചേർന്നതാണ് ഏതൊരു ഛിന്നഗ്രഹവും. എന്നാൽ 16 സൈക്കി പൂർണമായും ലോഹനിർമ്മിതമാണ്.
ഈ ലോഹങ്ങൾ 10000 ക്വാഡ്രില്യൺ ഡോളർ വിലയുള്ളതാണെന്നാണ് കരുതുന്നത്. ഇതിലടങ്ങിയ സ്വർണം മാത്രം ലോകത്തിലെ ഓരോ മനുഷ്യരെയും കോടിപതികളാക്കാൻ കഴിയുന്നത്ര അളവിലുണ്ട്. ഈ ഛിന്നഗ്രഹത്തിലെ ലോഹങ്ങൾ ഭൂമിയിലെത്തിച്ചാൽ അത് ലോക സ്വർണവിപണിയെയും സാമ്പത്തികാവസ്ഥയെയും തന്നെ തകിടംമറിയ്‌ക്കും. ഭൂമിയിലെ അഞ്ച് വർഷമെടുത്താണ് ഇത് ഒരു തവണ സൂര്യനെ വലംവയ്‌ക്കുന്നത്.