KeralaNEWS

കൊച്ചിയില്‍നിന്ന് കുടിയേറിയ കുടുംബത്തിലെ യുവാവ് ഇസ്രയേലില്‍ കൊല്ലപ്പെട്ടു

കൊച്ചി: ഏഴു പതിറ്റാണ്ടു മുന്‍പു കൊച്ചിയില്‍ നിന്ന് ഇസ്രയേലിലേക്കു കുടിയേറിയ കുടുംബത്തിലെ യുവാവ് ഹമാസ് ആക്രമണത്തില്‍ മരിച്ചു. പറവൂര്‍ ചേന്നമംഗലം സ്വദേശി യോസി ഓറന്റെ മകളുടെ മകന്‍ അമിത് മോസ്താണു കൊല്ലപ്പെട്ടത്. ഇസ്രയേലിലെ കൊച്ചിന്‍ ജൂത സമൂഹത്തിന്റെ സെക്രട്ടറി കൂടിയാണു യോസി ഓറന്‍.

നിര്‍ബന്ധിത പട്ടാള സേവനത്തിന്റെ ഭാഗമായി സേനയില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു അമിത്. 1950 ല്‍ 8 വയസ്സ് ഉള്ളപ്പോഴാണു യോസി കുടുംബസമേതം ഇസ്രയേലിലേക്കു പോയത്. അവിടെ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മുത്തച്ഛന്റെ ഒപ്പം അമിത് കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സംസ്‌കാരം നടത്തി.

Signature-ad

ഇസ്രയേലിന്റെ രൂപീകരണത്തിനുശേഷം മട്ടാമഞ്ചരി, വടക്കന്‍ പറവൂര്‍, ചേന്ദമംഗലം, മാള തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് ആയിരക്കണക്കിന് ജൂത കുടുംബങ്ങള്‍ അവിടേയ്ക്കു കുടിയേറിയിരുന്നു. ചുരുക്കം ചിലര്‍ മാത്രമാണ് പിന്നീട് കേരളത്തില്‍ അവശേഷിച്ചത്.

18 വയസ് തികഞ്ഞാല്‍ പൗരന്മാര്‍ക്ക് ഇസ്രയേലില്‍ നിര്‍ബന്ധിത സൈനിക പരിശീലനമാണ്. മൂന്ന് വര്‍ഷമാണ് നിര്‍ബന്ധിത സൈനിക പരിശീലനം. പുരുഷന്മാര്‍ 32 മാസവും സ്ത്രീകള്‍ 24 മാസവുമാണ് രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കേണ്ടത്. പിന്നീട് പഠനങ്ങള്‍ തുടരാം.

ഇത്തരത്തില്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിച്ചവരെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി 40 വയസ് വരെയുള്ളവരെ റിസര്‍വ് യൂണിറ്റ് ആക്കി മാറ്റിവെക്കും. അടിയന്തരഘട്ടങ്ങളില്‍ പ്രായമുള്ളവരേയും റിസര്‍വ് സൈന്യത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കും. സാധാരണ സൈനികര്‍ക്കൊപ്പമാണ് യുദ്ധ സന്ദര്‍ഭങ്ങളില്‍ ഇവര്‍ പോരാടേണ്ടത്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ റിസര്‍വ് സൈന്യത്തെ നെതന്യാഹു ഉപയോഗപ്പെടുത്തുന്നുണ്ട്.

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ 3,60,000-ത്തോളം വരുന്ന റിസര്‍വ് സൈനികരെ ഇസ്രയേല്‍ തിരികെ വിളിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

Back to top button
error: