പഞ്ചസാരയ്ക്കു പകരമുള്ള കൃത്രിമമധുരം അപകടകാരി, ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും
കുറച്ചു കാലമായി പഞ്ചസാരയ്ക്ക് പകരം വ്യാപകമായി കൃത്രിമമധുരം ഉപയോഗിക്കുന്നു. കലോറി ഉപഭോഗം കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനുമാണ് കൃത്രിമമധുരം തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇവയുടെ സുരക്ഷിതത്വത്തെപ്പറ്റിയും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ദോഷങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
കലോറി ഉപഭോഗമില്ലാതെ മധുരം ലഭിക്കാനായി കൃത്രിമമായി നിര്‍മിക്കുന്ന സംയുക്തങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ അഥവാ കൃത്രിമമധുരം. അസ്പാര്‍ട്ടേം, സക്കാരിന്‍, സൂക്രലോസ്, നിയോട്ടേം എന്നിവയാണ് കൃത്രിമമധുരങ്ങളില്‍ ചിലത്. ഇവയൊക്കെ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശമാണ്.
ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് 9 വിധത്തിൽ
വിശപ്പും ഭക്ഷണത്തോടുള്ള അമിതമായ അഭിനിവേശവും തോന്നിക്കുകയാണ് ആദ്യസംഗതി. പഞ്ചസാരയെക്കാള്‍ മധുരം അടങ്ങിയിട്ടുള്ളതിനാല്‍ പഞ്ചസാരതന്നെയാണ് കഴിച്ചത് എന്ന സിഗ്നലാവാം ഇത് തലച്ചോറിനു നല്‍കുന്നത്. അതിനാലാണ് അമിതമായ ഭക്ഷണം കഴിക്കുന്നതും ഭാരക്കൂടുതൽ ഉണ്ടാകുന്നതും. കുടലിന്റെ ആരോഗ്യം നശിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. കുടലിലുള്ള ബാക്ടീരിയകളുടെ ഘടനയെ മാറ്റിമറിക്കുകയും അത് ഗ്ലൂക്കോസ് ഇന്‍ടോളറന്‍സിലേക്കും പൊണ്ണത്തടിയിലേക്കും നയിക്കുകയും ചെയ്യും. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടിയതായാണ് കണ്ടെത്തിയത്.
ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നറുകള്‍ സര്‍ക്കാര്‍ അംഗീകൃതമാണെങ്കിലും ഇവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള കാന്‍സറുമായി ബന്ധമുണ്ടോ എന്നത് ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. ടൈപ്പ്-2 ഡയബറ്റീസിനുള്ള സാധ്യത കൂട്ടുന്നുവെന്നതാണ് മറ്റൊരു കാര്യം. ആര്‍ട്ടിഫിഷ്യല്‍ മധുരം ഗ്ലൂക്കോസ് ഇന്‍ടോളറന്‍സ് ഉണ്ടാക്കുകയും ഇത് ഡയബറ്റീസിനു കാരണമാവുകയും ചെയ്യും. കൂടാതെ, മധുരപലഹാരങ്ങള്‍ ശരീരത്തെ കൂടുതല്‍ അസിഡിക്ക് ആക്കും. ഇത് സന്ധിവേദന, ഓസ്റ്റിയോപോറോസിസ്, വൃക്കതകരാര്‍ എന്നിങ്ങനെയുള്ള ഗുരുതരപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
കൃത്രിമമധുരം കഴിക്കുന്നത് തലച്ചോറിനേയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. തലചച്ചോറിന്റെ റിവാര്‍ഡ് സെന്ററുകളെ ബാധിക്കുകയും മധുരത്തോടുള്ള ആഗ്രഹം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. കൃത്രിമമധുരത്തില്‍ തനതായി കലോറിയൊന്നുമില്ലെങ്കിലും ഏത് ഭക്ഷണത്തിനൊപ്പമാണോ അത് ചേര്‍ക്കപ്പെടുന്നത് അതിന്റെ മറ്റുചേരുവകളില്‍നിന്നുമുള്ള കലോറി ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇതിനെ ഹിഡണ്‍ കലോറീസ് എന്നാണ് പറയുക.
സംസ്‌കരിച്ച ഭക്ഷണങ്ങളിലാണ് കൃത്രിമമധുരം കൂടുതലായി ഉണ്ടാവുക. എന്നാല്‍ പ്രോസസ്ഡ് ഭക്ഷണം മൊത്തമായി ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍ കൃത്രിമമധുരം പൂര്‍ണമായും ഒഴിവാക്കുന്നത് ബുദ്ധിമുട്ടാകും. കൃത്രിമമധുരത്തിന്റെ സ്ഥിരമായ ഉപയോഗം നമ്മുടെ രുചിമുകുളങ്ങളെ നിര്‍വീര്യമാക്കുകയും മധുരത്തിന്റെ സ്വാഭാവികമായ ഉറവിടങ്ങള്‍ മതിയാകാതെ വരികയും കൂടുതല്‍ കൃത്രിമ മധുരത്തിനായി നമ്മെ കൊതിപ്പിക്കുകയും ചെയ്യും.
കൃത്രിമ മധുരപലഹാരങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. എങ്കിലും ഇത് നമ്മെ ഏതെങ്കിലുംവിധത്തില്‍ ദോഷകരമായി ബാധിക്കാതിരിക്കാന്‍ മിതമായി മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.