IndiaNEWS

പലസ്തീന് പിന്തുണ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് പ്രമേയം; ഒരു വിഭാഗത്തിന് അതൃപ്തി

ന്യൂഡല്‍ഹി: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തില്‍ പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കണമെന്ന് പാര്‍ട്ടിയുടെ പ്രവര്‍ത്തകസമിതി യോഗത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞതിനെച്ചൊല്ലി അഭിപ്രായവ്യത്യാസം. ഇരുഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം പലസ്തീന്‍ ജനതയ്ക്കു പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ വാദം.

കോണ്‍ഗ്രസിന്റെ എക്കാലത്തെയും നിലപാട് ഇതായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, യുദ്ധത്തിനു തുടക്കമിട്ടത് പലസ്തീന്‍ ആസ്ഥാനമായുള്ള ഹമാസ് ആണെന്നും അക്കാര്യം മറന്നുള്ള നിലപാട് പാടില്ലെന്നും ഏതാനും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Signature-ad

ഒടുവില്‍, ചെന്നിത്തലയുടെ വാദം അംഗീകരിച്ച് യോഗം പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീന്‍ ജനതയ്ക്കുള്ള അവകാശങ്ങള്‍ക്ക് എക്കാലവും കോണ്‍ഗ്രസ് നല്‍കിയ പിന്തുണ ആവര്‍ത്തിക്കുകയാണെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. അതേസമയം, പ്രമേയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയതില്‍ ഏതാനും നേതാക്കള്‍ക്കുള്ള അതൃപ്തി നീങ്ങിയിട്ടില്ല. പ്രമേയത്തില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Back to top button
error: