
ദില്ലി: ഉത്തർ പ്രദേശിലെ ഹാർഡ് വെയർ കടയിൽ കയറിയ മൂർഖന് ഗുരുതര പരിക്ക് സ്വകാര്യ ആംബുലൻസിൽ ദില്ലിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ശനിയാഴ്ചയാണ് ഉത്തർ പ്രദേശിലെ ബദൌനിൽ പരിക്കേറ്റ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുന്നത്. എന്നാൽ പാമ്പിന് ആവശ്യമായ ചികിത്സ ലഭ്യമാകുന്ന സൌകര്യങ്ങളില്ലാതെ വന്നതോടെയാണ് ദില്ലിയിലെ എസ്ഐഎസ് കേന്ദ്രത്തിലേക്ക് പ്രത്യേക ആംബുലൻസിൽ മൂർഖനെ എത്തിച്ചത്.
ഇരുമ്പ് കമ്പിയുമായി പോയ തൊഴിലാളി മൂർഖനെ കണ്ട് ഭയന്നതിന് പിന്നാലെ താഴെയിട്ട ഇരുമ്പ് കമ്പി തലയിൽ വീണാണ് മൂർഖന് പരിക്കേറ്റതെന്നാണ് പീപ്പിൾ ഫോർ അനിമൽ സംഘടനയുടെ വോളൻറിയർമാർ പ്രതികരിക്കുന്നത്. ഇവരാണ് മൂർഖനെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. ബദൌനിൽ ചികിത്സാ സൌകര്യം ലഭ്യമല്ലെന്ന് കണ്ടതിന് പിന്നാലെ ബിജെപി എംപി മനേകാ ഗാന്ധിയുടെ സഹായം തേടിയ പിഎഫ്എ അംഗങ്ങളോട് ഉടനടി ദില്ലിയിലെത്താൻ എംപിയാണ് നിർദ്ദേശം നൽകിയത്.
5000 രൂപ ചെലവിട്ടാണ് മൂർഖൻ വേണ്ടി പ്രത്യേക ആംബുലൻസ് ഒരുക്കിയതെന്നാണ് പിഎഫ്എ പ്രസിഡന്റ് വികേന്ദ്ര ശർമ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. മുറിവുകൾ സുഖപ്പെട്ടാൽ പാമ്പിനെ തുറന്നുവിടുമെന്ന് പീപ്പിൾ ഫോർ ആനിമൽ സംഘടന വിശദമാക്കി.






