KeralaNEWS

സിപിഎം ഭരിക്കുന്ന നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിക്ക് ഒരു കോടി നല്‍കാൻ നീക്കം,  പ്രതിഷേധവുമായി ബിജെപിയും യുഡിഎഫും രംഗത്ത്

      നീലേശ്വരത്തെ സിപിഎം നിയന്ത്രണത്തിലുള്ള തേജസ്വിനി സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നല്‍കാന്‍ നീക്കമെന്ന് ആരോപണം. തേജസ്വിനി ആശുപത്രിയുടെ ജനറല്‍ മാനജറുടെ അഭ്യര്‍ഥന പ്രകാരം പണം അനുവദിക്കുന്നതിന് സര്‍കാര്‍ അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (ചൊവ്വ) ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അജന്‍ഡയായി വെച്ചിട്ടുണ്ട്.

നഗരസഭയുടെ ചിലവിന് പോലും പണം തികയാതിരിക്കുമ്പോള്‍ തനത് തുകയില്‍ ആകെയുള്ള 2.24 കോടി രൂപയില്‍ ഒരു കോടി തേജസ്വിനി സഹകരണ ആശുപത്രിക്ക് നല്‍കാനുള്ള നീക്കം ജനവഞ്ചനയും തദ്ദേശ നിയമത്തിന് എതിരാണെന്നും ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി കെ ശ്രീകാന്തും ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈയും കാസര്‍കോട് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

Signature-ad

സര്‍ക്കാരിന്റെയും നഗരസഭയുടെയും തീരുമാനം സ്വജന പക്ഷപാതവും യുക്തിക്ക് നിരക്കാത്തതുമാണ്. തീരുമാനവുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടും. നീലേശ്വരം നഗരസഭയിലെ അലോപ്പതി, ഹോമിയോ, ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് ആകെ 20 ലക്ഷം രൂപ മാത്രമാണ്. നീലേശ്വരത്തെ ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പോലുമില്ല. സൗജന്യമായി ജനങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ഒരു കോടി രൂപ അനുവദിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ പോലെ തന്നെയാണ് സഹകരണ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയൊന്നും ഇവിടെ നിന്ന് നല്‍കുന്നില്ല. ബിസിനസ് സ്ഥാപനമായി നടത്തുന്ന ഇത്തരം ആശുപത്രിക്ക് സര്‍ക്കാര്‍ തുക നല്‍കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യുന്നത്. സര്‍കാര്‍ തുക കൊണ്ട് പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയില്‍ ഒരു ഭാഗത്ത് അഴിമതിയും കള്ളപ്പണ ഇടപാടും അരങ്ങ് തകര്‍ക്കുമ്പോള്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിക്കുകയാണെന്നും അഡ്വ. കെ ശ്രീകാന്ത് കുറ്റപ്പെടുത്തി.

അതേസമയം ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ വരുന്ന തേജസ്വിനി ആശുപത്രിക്ക് ഒരു കോടി നല്‍കാനുള്ള അജന്‍ഡയെ ശക്തമായി എതിര്‍ക്കുമെന്നും തീരുമാനവുമായി മുന്നോട്ട് പോയാല്‍ വിജോജന കുറിപ്പ് എഴുതുമെന്നും നഗരസഭയിലെ പ്രതിപക്ഷ നേതാവ് ഇ ഷജീര്‍ പറഞ്ഞു. നഗരസഭ യുഡിഎഫ് യോഗം തീരുമാനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നതായും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അസന്നിഗ്ധമായി അറിയിച്ചിട്ടുണ്ട് എന്നും ഷജീര്‍ വ്യക്തമാക്കി.

അതേസമയം സിപിഎംൽ തന്നെ സര്‍ക്കാര്‍ തുക സഹകരണ ആശുപത്രിക്ക് നല്‍കുന്നതില്‍ വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്. തുക നല്‍കുന്ന കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന് ഒരു വിഭാഗംപാര്‍ടിയോട് ആവശ്യപ്പെട്ടതായും ജനങ്ങള്‍ക്കിടയില്‍ തീരുമാനം അവമതിപ്പ് ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അറിയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: