CrimeNEWS

സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം തട്ടി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ എൻഫോഴ്സമെൻറ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സതീഷ് കുമാർ വായ്പാ തുകയിൽനിന്ന് 15 ലക്ഷം തട്ടിയെന്ന പരാതിയുമായി തൃശ്ശൂർ സ്വദേശിയായ സിന്ധുവാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. തൃശ്ശൂർ ജില്ല ബാങ്കിലെ 18 ലക്ഷം രൂപയുടെ വായ്പയുടെ ടേക്ക് ഓവറിന് സതീഷ് കുമാറിനെ സമീപിച്ചിരുന്നതായി ഇവർ പറഞ്ഞു. തട്ടിപ്പിനിരയായതോടെ കടബാധ്യത 73 ലക്ഷം രൂപയായി വർധിച്ചുവെന്നുമാണ് സിന്ധുവിൻറെ പരാതി. സിന്ധുവിൻറെ പരാതി ഉൾപ്പെടെ കേസിൽ തെളിവായി ഇഡി ശേഖരിച്ചിട്ടുണ്ട്. പണം തട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസിൽ സിന്ധു പരാതി നൽകിയിരുന്നു. ഇതിൽ സതീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കരുവന്നൂർ ബാങ്ക്‌ തട്ടിപ്പിലെ കള്ളപണ ഇടപാട് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിൻറെ മാരത്തൺ ചോദ്യം ചെയ്യലാണ് ഇന്ന് രാവിലെ മുതൽ നടന്നത്. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആർ. രാജൻ, മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌, തൃശൂർ എസ്.ടി ജ്വല്ലറി ഉടമ സുനിൽ കുമാർ എന്നിവരാണ് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായയത്. നേരത്തെ നൽകിയ രേഖകൾ പര്യാപ്തമല്ലെന്ന് ഇ ഡി അറിയിച്ചത്തോടെയാണ് കൂടുതൽ രേഖകളുമായി ടി.ആർ.രാജൻ വീണ്ടും എത്തിയത്. അറസ്റ്റിൽ ആയ കൗൺസിലർ അരവിന്ദാക്ഷന്റെ അമ്മക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ 62 ലക്ഷം രൂപ നിക്ഷേപം ഉണ്ട്‌ എന്ന് ഇഡി ആരോപിച്ചിരുന്നു. മൂന്നാംവട്ടം നോട്ടിസ് നൽകിയാണ് സുനിൽ കുമാറിനെ ഇഡി വിളിപ്പിച്ചത്. മാരത്തൺ ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് സിന്ധു പരാതിയുമാ ഇഡിക്കുമുന്നിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: