ട്രിപ്പ് പോകാന്‍ ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് ഗോവ. വെയിലും തിരമാലകളും കിന്നാരം പറയുന്ന പകലുകളും പഞ്ചാരമണല്‍ത്തരികളുടെ സ്വച്ഛതയില്‍ കിടന്നു ആകാശം മുഴുവന്‍ നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയൊരുക്കുന്ന രാത്രികളും എല്ലാം മറന്നാഘോഷിക്കാന്‍ തീരങ്ങളിലെ പാര്‍ട്ടിക്കൂട്ടങ്ങളുമെല്ലാം ചേരുമ്പോൾ ഗോവ എന്ന സുന്ദരി ഏതു സഞ്ചാരിയെയാണ് മോഹിപ്പിക്കാത്തത്!
ഓൾഡ് ഗോവ, റെയിസ്‍ മാഗോസ് ഫോർട്ട്,അഗുവാഡാ കോട്ട, ഗോവ ആർക്കിയോളജിക്കൽ മ്യൂസിയം, ഡോണ പൗല ബീച്ച്, മിരാമർ ബീച്ച്, ഡോ. സാലിം അലി പക്ഷി സങ്കേതം, ഗോവ സ്റ്റേറ്റ് മ്യൂസിയം,ജമാ മസ്ജിദ്, ശാന്താ ദുര്‍ഗ്ഗാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
ഗോവയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിലൊന്നാണ് വാസ്കോഡഗാമ. 1543 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഈ നഗരം അവരുടെ എക്കാലത്തെയും മികച്ച നാവികനായിരുന്ന വാസ്കോഡ ഗാമയോടുള്ള ആദരസൂചകമായി പേരു നല്കിയിരിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. ഗോവയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടം. ഗോവയുടെ ചരിത്രവും സംസ്കാരവും ഉറങ്ങുന്ന നാടുകൂടിയാണിത്.
ബോഗ്മാലോ ബീച്ച്, വെൽസാവോ ബീച്ച്, പൈലറ്റ് പോയന്റ്, ജാപ്പനീസ് ഗാർഡൻ, സുവാരി നദി. നേവൽ ഏവിയേഷൻ മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
ബീച്ചുകൾ ഹരമായിട്ടുള്ളവർക്ക് അടിച്ചുപൊളിക്കുവാൻ പറ്റിയ ഇടമാണ് വടക്കൻ ഗോവയുടെ ഭാഗമായ കാലൻഗുട്ടെ. ഒരു കാലത്ത് ധാരാളം ഹിപ്പികൾ എത്തിച്ചേർന്നിരുന്ന ഇവിടം ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.
കലൻഗുട്ടെ ബീച്ച്, ബാഗാ ബീച്ച്, അഗൗഡ കോട്ട, സെന്റ് അലക്സ് ദേവാലയം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണുവാനുള്ളത്.
ഗോവയിൽ ബീച്ചുകളോട് ഏറ്റവും ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നാണ് മാപൂസ. ബീച്ചുകളുടെ സൗന്ദര്യം പെട്ടന്ന് ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടം തിരഞ്ഞെടുക്കാം.
കലാച്ച ബീച്ച്, അർപോറ, അൽഡോണ, ചപോര കോട്ട, ശ്രീകലിക ക്ഷേത്രം, മാപൂസ ഫ്രൈഡേ ബസാർ, ബസലിക്ക ഓഫ് ബോം ജീസസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
ഗോവയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലവും അവിടുത്തെ രണ്ടാമത്തെ വലിയ നഗരവുമാണ് മഡ്ഗാവോൺ എന്നറിയപ്പെട്ടിപുന്ന മർഗോവ. പോർച്ചുഗീസുകാരുടെ കാലത്തായിരുന്നു ഈ സ്ഥലത്തിന് മഡ്ഗാവോൺ എന്ന പേരുണ്ടായിരുന്നത്. ഗോവയിലെ ഏറ്റവും പ്രധാനപ്പെട്ട റിലീജയസ് സ്ഥലങ്ങളിലൊന്നാണിത്. കാനോപി ഗോവ, കോൾവാ ബീച്ച്, മോണ്ടെ ഹിൽ, ടൗൺ സ്ക്വയർ, വെൽസാവോ ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷൻ, പുറം രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഇടം…അങ്ങനെയങ്ങനെ പോകുന്നു ഗോവയുടെ വിശേഷണങ്ങൾ. പകരം വയ്ക്കുവാനില്ലാത്ത ബീച്ചുകളുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളും ദേവാലയങ്ങളുമെല്ലാം ഇവിടെയുണ്ട്.
ആഘോഷത്തിരമാലകൾ ഇരച്ചു കയറുന്ന ബീച്ചുകളാണ് ഗോവയുടെ സ്പന്ദനം. അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ട ക്രിസ്ത്യൻ പള്ളികളാണ് ഈ നാടിന്റെ പുരാണം. പോർച്ചുഗീസുകാർ കെട്ടിപ്പൊക്കിയ കോട്ടകളും വീടുകളുമാണ് ഇവിടുത്തെ സൗഹൃദക്കാഴ്ചകൾ. കൊങ്കിണി ഭാഷ സംസാരിക്കുന്ന നാട്ടുകാരും പല ഭാഷകളുമായി വന്നിറങ്ങുന്ന വിനോദസഞ്ചാരികളും ഈ മണ്ണിൽ ഉത്സവമൊരുക്കുന്നു. ഇവിടെയാരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നില്ല; സ്വന്തം സന്തോഷങ്ങളെ ആകാശത്തോളം ഉയർത്തി എല്ലാവരും ജീവിതം ആസ്വദിക്കുന്നു.
വന്നിറങ്ങുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കി ബീച്ചിനു കാവൽ നിൽക്കുന്നവരാണു ഗോവയിലെ പൊലീസുകാർ, ആരുടെയും സ്വാതന്ത്ര്യത്തിന് അവർ തടസമല്ല; പോകാം ഗോവയിലേക്ക്….