NEWSSports

2026 വരെ ഇഗോര്‍ സ്റ്റിമാക് തന്നെ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ

ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബാള്‍ ടീം പരിശീലകൻ ഇഗോര്‍ സ്റ്റിമാകിന്റെ കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി. 2026 ജൂണ്‍ വരെയുള്ള കരാറിലാണ് സ്റ്റിമാക് ഒപ്പുവെച്ചതെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ വ്യക്തമാക്കി.

നാല് വര്‍ഷത്തെ കരാറിന് സ്റ്റിമാക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നിലവില്‍ രണ്ടു വര്‍ഷത്തേക്കാണ് പുതുക്കി നല്‍കിയത്. 2019 ലാണ് ഇഗോര്‍ സ്റ്റിമാക് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി എത്തിയത്. സമീപകാലത്ത് ടീമിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

Signature-ad

ഇംഫാലില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഭുവനേശ്വറില്‍ നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ഇന്ത്യ ജേതാക്കളായി. ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ നടന്ന സാഫ് ചാമ്ബ്യൻഷിപ്പ് കിരീടവും സ്വന്തമാക്കിയിരുന്നു.ഏഷ്യൻ ഗെയിംസിൽ 13 വർഷങ്ങൾക്കു ശേഷം രണ്ടാം റൗണ്ടിലേക്ക് കടന്നുവെങ്കിലും കരുത്തരായ സൗദിയോട് 2-0 ന് തോറ്റ് പുറത്താകുകയായിരുന്നു.

അടുത്തിടെ നടന്ന കിങ്സ് കപ്പ് സെമി ഫൈനലില്‍ ഇറാഖിനെതിരെയും ഇന്ത്യയുടെ പ്രകടനം (2-2) മികച്ചതായിരുന്നു.പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്റ്റിമാക്കിന്റെ നേതൃത്വത്തില്‍, കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന എ.എഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ കംബോഡിയ, ഹോങ്കോങ് ഉൾപ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള മത്സരങ്ങളിൽ വിജയിച്ച് അടുത്ത വര്‍ഷം ആദ്യം നടക്കുന്ന എ.എഫ്‌.സി ഏഷ്യൻ കപ്പിനുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കിയിരുന്നു.

പുതിയ കരാര്‍ ഒപ്പിട്ടതിന് ശേഷം ഇഗോര്‍ സ്റ്റിമാക്കിന്റെ ആദ്യ വെല്ലുവിളി മലേഷ്യയുമായി ഒക്ടോബര്‍ 13 ന് നടക്കുന്ന സൗഹൃദ മത്സരമായിരിക്കും.അതേസമയം ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ ഇന്ത്യക്കായാൽ സ്റ്റിമാക്കിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടിയേക്കും.

Back to top button
error: