കൊച്ചി:മലദ്വാരത്തിനകത്തും ഷഡ്ഡിയിൽ പ്രത്യേക അറയുണ്ടാക്കിയും സ്വർണം കടത്തിക്കൊണ്ടു വന്ന രണ്ട് സ്ത്രീകൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ അറസ്റ്റിലായി.
തൃശ്ശൂർ സ്വദേശി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്.ദുബായിൽ നിന്നും വന്ന റംലത്ത് മലദ്വാരത്തിനകത്ത് 55 ലക്ഷം രൂപ വരുന്ന 1266 ഗ്രാം സ്വർണ്ണം നാലു ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു.അബുദാബിയിൽ നിന്ന് വന്ന ഉമൈബ ഷഡ്ഡിയിൽ പ്രത്യേകത അറ ഉണ്ടാക്കി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കിയ 763 ഗ്രാം സ്വർണമാണ് കടത്തിയത്.
കൈയിൽ കാര്യമായി ലഗേജുകളില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇവർ ഇടയ്ക്കിടെ കൈകൾ ദേഹത്ത് തൊടുന്നത് നിരീക്ഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നുകയും തുടർന്ന് ദേഹ പരിശോധന നടത്തുകയായിരുന്നു.
അതേസമയം 60 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കരിപ്പൂരിൽ അറസ്റ്റിലായി.അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 60 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് വെള്ളയൂർ സ്വദേശി ഷംല അബ്ദുൽകരീം(34) ആണ് അറസ്റ്റിലായത്.
അടിവസ്ത്രത്തിൽ കുഴമ്പുരൂപത്തിലാക്കിയാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 1 1 1 2 ഗ്രാം സ്വർണ മിശ്രിതം ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.ഇതിൽ നിന്ന് 9 73.80 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു .പിടികൂടിയ സ്വർണത്തിന് 60 ലക്ഷം രൂപ വിലവരും.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിലായിരുന്നു. മലപ്പുറം വള്ളിക്കടവ് സ്വദേശികളായ 35 കാരൻ അമീർ മോനും 21കാരി ഭാര്യ സഫ്നയും ആണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവരും സ്വർണം കടത്താൻ ശ്രമിച്ചത്.