IndiaNEWS

ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുമോയെന്ന് മോദി; നിയന്ത്രിക്കാന്‍ കേന്ദ്രസംവിധാനം വരുമെന്ന് സുരേഷ്ഗോപി

ഹൈദരാബാദ്/തൃശൂര്‍: ദക്ഷിണേന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ ഹിന്ദുക്ഷേത്രങ്ങള്‍ കയ്യടക്കിവച്ചിരിക്കുകയാണെന്നും അവ ഹിന്ദുക്കള്‍ക്കു തിരിച്ചുനല്‍കുമോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വത്തുക്കളും മറ്റും നിയമത്തിനു കീഴില്‍ കൊണ്ടുവന്നു കൈകാര്യം ചെയ്യാത്തതെന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും വിശദീകരിക്കണമെന്നും തെലങ്കാനയില്‍ ബിജെപി റാലിയില്‍ പ്രസംഗിക്കവേ മോദി ആവശ്യപ്പെട്ടു.

നേരത്തേ ഛത്തീസ്ഗഡില്‍ റാലിയില്‍ പ്രസംഗിക്കവേ, കോണ്‍ഗ്രസ് രാജ്യത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവും പ്രധാനമന്ത്രി ഉന്നയിച്ചു. ജാതി സെന്‍സസ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അതിനുദാഹരണമാണ്.

Signature-ad

രാജ്യത്തെ വിഭവങ്ങളും ആനുകൂല്യങ്ങളും ജനസംഖ്യയ്ക്കനുസരിച്ചു കൊടുക്കണമെന്നാണു കോണ്‍ഗ്രസ് പറയുന്നതെന്ന് തെലങ്കാനയിലെ നിസാമാബാദില്‍ മോദി പറഞ്ഞു. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു തമിഴ്‌നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ കയ്യടക്കിവച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ തൊടുന്നില്ല. ജനസംഖ്യയ്ക്കനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുമെങ്കില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്, ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കുമോയെന്നു മോദി ചോദിച്ചു.

ജനസംഖ്യാനുപാതികമായി വിഭവവിതരണം വേണമെന്ന നിലപാടിലൂടെ മുസ്ലിംകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണോ കോണ്‍ഗ്രസ് ്രശമിക്കുന്നതെന്ന് ഛത്തീസ്ഗഡില്‍ മോദി ചോദിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള വിഭവവിതരണം ന്യൂനപക്ഷാവകാശങ്ങള്‍ ഇല്ലാതാക്കും. ഒരു വിദേശരാജ്യവുമായി കോണ്‍ഗ്രസ് രഹസ്യധാരണയിലെത്തിയെന്നും ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം, ക്ഷേത്രങ്ങളെ നിയന്ത്രിക്കാന്‍ പുതിയ കേന്ദ്രസംവിധാനം വരുമെന്ന് സുരേഷ് ഗോപി സൂചന നല്‍കി. സഹകാരിസംരക്ഷണ പദയാത്രയ്ക്കുശേഷം തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇതു പറഞ്ഞത്.

കേന്ദ്രസംവിധാനം നിലവില്‍വന്നാല്‍ കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ ഉണ്ടാകുമോയെന്നുതന്നെ സംശയമാണ്. ശബരിമല പോലുള്ള ക്ഷേത്രങ്ങളിലെ രാഷ്ട്രീയ അധമപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണിത് രൂപവത്കരിക്കുന്നത്. സഹകരണമേഖലയില്‍ എന്ന പോലെ ക്ഷേത്രഭരണത്തിലും ഒരു ‘മാസ്റ്റര്‍’ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും സുരേഷ്ഗോപി പറഞ്ഞു. കേന്ദ്രം സഹകരണവകുപ്പ് രൂപവത്കരിച്ചതും മന്ത്രിയെ നിയമിച്ചതും സൂചിപ്പിച്ചാണ് ഇദ്ദേഹം ഇതു പറഞ്ഞത്.

 

Back to top button
error: