KeralaNEWS

മുട്ടിൽ മരം മുറിക്കേസിൽ സമരവുമായി രാഷ്ട്രീയ പാർട്ടികൾ; സിപിഎം നാളെ വില്ലേജ് ഓഫീസ് മാർച്ച് നടത്താനിരിക്കെ ഇന്ന് അപ്രതീക്ഷിതമായി ടി.സിദ്ദീഖ് എംഎൽഎ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ സമരവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. സിപിഎം നാളെ വില്ലേജ് ഓഫീസ് മാർച്ച് നടത്താനിരിക്കെ ഇന്ന് അപ്രതീക്ഷിതമായി ടി.സിദ്ദീഖ് എംഎൽഎ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു. കർഷകരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് ആവശ്യപ്പെട്ടായിരുന്നു ടി. സിദ്ദീഖ് എം.എൽ.എയുടെ പ്രതിഷേധം. മുട്ടിൽ മരം മുറിക്കേസിൽ കർഷകർക്ക് പിഴ നോട്ടീസ് വന്നപ്പോൾ ഏറ്റവും അവസാനമാണ് കോൺഗ്രസ് വിഷയം ഏറ്റെടുക്കുന്നത്. പിഴ നോട്ടീസ് വന്നതിനുപിന്നാലെ റവന്യു വകുപ്പിനെ വിമർശിച്ചുകൊണ്ട് സിപിഎം ജില്ല സെക്രട്ടറി പി. ഗഗാറിൻ രംഗത്തെത്തിയിരുന്നു. തുടർന്ന് സിപിഎം സമരവും പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സിപിഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബുവും റവന്യൂമന്ത്രിക്ക് കത്തെഴുതി.

പിഴനോട്ടീസിൽ പുനപരിശോധന വേണമെന്നും അതുവരെ പിഴയീടാക്കാൻ നടപടികൾ പാടില്ലെന്നും സിപിഐ നിലപാട് എടുത്തു. ഇതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി റവന്യു മന്ത്രിയും രംഗത്തെത്തി. മുട്ടിൽ മരം മുറി കേസിൽ ആദിവാസികളായ ഭൂവുടമകൾക്ക് പിഴ ചുമത്തിയ നടപടി പുന പരിശോധിക്കുമെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞത്. കർഷകരുടെ പരാതികളിൽ കലക്ടർ പരിശോധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെഎൽസി ആക്ടിലെ സെക്ഷൻ 16 പ്രകാരം കളക്ടർ അപ്പീൽ അധികാരം നടപ്പിലാക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

Signature-ad

വിഷയത്തിൽ ഭരണപക്ഷ പാർട്ടികൾ കർഷകർക്ക് പിന്തുണയുമായി ആദ്യമെത്തിയപ്പോഴാണ് ടി.സിദ്ദീഖ് എം.എൽ.എയുടെ അപ്രതീക്ഷിത പ്രതിഷേധം. ടി.സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ വില്ലേജ് ഓഫീസിലെത്തി മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറെ ഉപരോധിച്ചു . സംഭവത്തെതുടർന്ന് വില്ലേജ് ഓഫീസിന് മുന്നിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിലെ 35 കർഷകർക്കായി 7 കോടിയിൽ അധികം രൂപയാണ് നിലവിൽ പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ പ്രതിയായ റോജിയും ഉൾപ്പെടും. 27 കേസുകളിൽ മരത്തിൻ്റെ മൂല്യനിർണയം അവസാന ഘട്ടത്തിലാണ്. അത് പൂർത്തിയായാൽ, മറ്റ് കർഷകർക്കും നോട്ടീസ് കിട്ടും. കർഷകരുടെ ഹിയറിങ് നടത്തി കളക്ടർക്കോ, സബ്കളക്ടർക്കോ തുടർനടപടി ഒഴിവാക്കാം. ഈ സാധ്യതയാണ് നിലവിൽ റവന്യൂവകുപ്പ് പരിശോധിക്കുന്നത്.

Back to top button
error: