നിഷേധാത്മകമായി പെരുമാറുന്നവരോടു ശാന്തമായി പ്രതികരിക്കാം, ആളിക്കത്തിക്കാനല്ല അണയ്ക്കാൻ ശ്രമിക്കൂ
വെളിച്ചം
ധ്യാനത്തിലിരുന്ന ബുദ്ധശിഷ്യനെ വടികൊണ്ട് ആരോ പുറകില്‍ നിന്നും അടിച്ചു. ശിഷ്യനും വടിയും നിലത്തു വീണു. ശിഷ്യന് നിലത്തുവീണ വടിയുമെടുത്ത് അടിച്ചയാളുടെ പിറകേ ഓടി വിളിച്ചുപറഞ്ഞു:
“നിൽക്കൂ… താങ്കളുടെ വടിയെടുത്തു കൊണ്ടുപൊകൂ.”
അയാള്‍ ഓട്ടം തുടര്‍ന്നപ്പോള്‍ ബുദ്ധശിഷ്യനും പിന്നാലെയോടി. ആളുകള്‍ അവരെ പിന്തുടര്ന്നു. അവസാനം അയാള്‍ തളര്‍ന്നുനിന്നപ്പോള്‍ ബുദ്ധശിഷ്യന് അടുത്തെത്തി അയാളുടെ വടി കൈമാറി. അപ്പോള്‍ ഒരാള്‍ ശിഷ്യനോട് ചോദിച്ചു:
“താങ്കളെ അടിച്ചിട്ട് ഓടിയിട്ടും എന്താണ് തിരിച്ച് പ്രതികരിക്കാത്തത്. ഒരടിപോലും തിരിച്ചു കൊടുക്കാതെ എന്തിനാണ് അയാളുടെ വടി തിരികെ കൊടുത്തത്?”
ശിഷ്യന് പറഞ്ഞു:
“ഞാന്‍ മരച്ചുവട്ടിലിരിക്കുമ്പോള്‍ ഒരു കമ്പൊടിഞ്ഞ് തലയില്‍ വീണാല്‍ എന്തുചെയ്യും? ഇതും അത്രയേ ഉള്ളൂ.. നടക്കാനുളളത് നടന്നു. കാര്യങ്ങള്‍ വഷളാക്കാന്‍ ഞാനില്ല…”
ഇതും പറഞ്ഞ് ശിഷ്യന് തന്റെ ആശ്രമത്തിലേക്ക് തിരിച്ചുനടന്നു.
പ്രതികരണം രണ്ടുവിധത്തിലാകാം. ആളിക്കത്തിക്കാനും, അണയ്ക്കാനും. എപ്പോഴും ആദ്യ അടിയല്ല, തിരിച്ചടിയാണ് കലഹങ്ങളെ കലാപങ്ങളാക്കി മാറ്റുന്നത്. പ്രതികരിക്കുന്നവര്‍ക്ക് പക്വതയില്ലെങ്കില്‍ എത്ര ആസൂത്രണം ചെയ്ത് നടത്തുന്ന സമരങ്ങളും ആളിക്കത്താം. എത്ര നിഷേധാത്മകമായി പെരുമാറുന്നവരോടും ശാന്തമായി പ്രതികരിക്കുന്നവരാണ് സാഹചര്യങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നത്. നമുക്കും പ്രതികരിക്കാന്‍ പക്വതയുടെ വഴി സ്വീകരിക്കാന്‍ ശ്രമിക്കാം. അതായിരുന്നു മഹാത്മ ഗാന്ധിയുടെ വഴി.
ശുഭദിനം … ഒപ്പം ഏവർക്കും ഗാന്ധി ജനന്തി ആശംസകളും
സൂര്യനാരായണൻ
ചിത്രം: ആർട്ടിസ്റ്റ് സുകുമാരൻ