KeralaNEWS

വൈദ്യുതി നിരക്ക് ഉടന്‍ വർദ്ധിപ്പിക്കില്ല, റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി  

    ഒക്ടോബർ 1 മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു എന്ന പ്രചരണങ്ങൾ തള്ളി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

നാളെ പഴയ നിരക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറക്കിയത്. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മീഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. എന്നാല്‍ സ്റ്റേ പിന്നീട് നീങ്ങി. ഇതിനിടയിലാണ് നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി നിരക്ക് ഉയര്‍ത്തരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതും പരിഗണിച്ചാവണം തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ ഉയര്‍ത്തണം എന്നതായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരക്ക് ഇപ്പോള്‍ ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്.

അതിനിടെ എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കിയിരുന്നു. കേസില്‍ സ്‌റ്റേ നീങ്ങി വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിന് കളമൊരുങ്ങിയ സമയത്താണ് നിലവിലെ നിരക്ക് തന്നെ തത്കാലം തുടരട്ടെ എന്ന നിലപാട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ സ്വീകരിച്ചത്.

Back to top button
error: