IndiaNEWS

പാരവയ്പ്പും പാർട്ടി പിളർത്തലും; ബിജെപിക്ക് തമിഴ്നാട് നൽകുന്ന പാഠം

ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട ബിജെപിക്കുള്ള കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെയുടെ സഖ്യം വിടല്‍.

ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍, തുടങ്ങിയവര്‍ക്ക് പിന്നാലെ ബി ജെ പി സഖ്യം വിടുന്ന പ്രധാന കക്ഷിയാണ് എ ഐ എ ഡി എം കെ. ഒരിക്കല്‍ എന്‍ ഡി എ വിട്ടു പോയതിന് ശേഷം തിരികെ വന്ന് വീണ്ടും മുന്നണി വിട്ടുപോയ ചരിത്രമാണ് ജെ ഡി യുവിനുള്ളത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ ഉണ്ടാക്കിയ നിതീഷ് കുമാറിന്റെയും കൂട്ടരുടേയും അവസാനത്തെ എന്‍ ഡി എ വിടല്‍ 2022 ജൂണ്‍ മാസത്തിലായിരുന്നു.

പാര്‍ട്ടിയെ പിളര്‍ത്താന്‍ എന്‍ ഡി എ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു ബിജെപിയുമായുള്ള ബന്ധം ജെ ഡി യു ഉപേക്ഷിച്ചത്.ജെ ഡി യു പോയതോടെ ബിഹാറിലെ എന്‍ ഡി എ സര്‍ക്കാര്‍ വീഴുകയും പിന്നാലെ കോണ്‍ഗ്രസ്, ആര്‍ ജെ ഡി, ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് നിതീഷ്കുമാർ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

Signature-ad

.2019 ലെ തിരഞ്ഞെടുപ്പില്‍ ഒരു സഖ്യമായി മത്സരിച്ച്‌ വിജയിച്ചതിന് പിന്നാലെയാണ് ദീര്‍ഘകാല സഖ്യകക്ഷിയായ ശിവസേന മുന്നണി വിടുന്നത്.മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഉദ്ധവ് താക്കറേയും കൂട്ടരേയും എന്‍ ഡി എയ്ക്ക് പുറത്ത് എത്തിച്ചത്. കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ പിന്നീട് എക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയെ പിളര്‍ത്തി ബി ജെ പി മഹാരാഷ്ട്രയിലെ ഭരണം തിരികെ പിടിച്ചു.

1996 മുതല്‍ ബി ജെ പി സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ കര്‍ഷക പ്രക്ഷോഭ സമയത്താണ് കേന്ദ്രത്തിനെതിരെ കടുത്ത ആരോപണം ഉന്നയിച്ച്‌ സഖ്യം വിടുന്നത്. 2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിഡിപിയും ബി ജെ പി ബന്ധം അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ബിജെപിയെ നിലം തൊടാൻ അനുവദിക്കാതെയായിരുന്നു കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിലേറിയത്.രാജസ്ഥാനിലും തെലങ്കാനയിലും എന്തിനേറെ കേരളത്തിൽ പോലും പല അടവുകളും പ്രയോഗിച്ചിട്ടും ബിജെപി തന്ത്രം വിലപ്പോയിരുന്നില്ല.ഇതിന് പിന്നാലെയാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ എല്ലാം ചേർന്നുള്ള ‘ഇന്ത്യ’ മുന്നണി രൂപീകരണം.ഇതോടെ പ്രതിരോധത്തിലായിപ്പോയ ബിജെപിയുടെ നെറുകയിൽ ഏറ്റ അടിയായിരുന്നു തമിഴ്‌നാട്ടിലെ സംഭവം.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ബിജെപിയുടെ നില അത്ര പന്തിയല്ല.സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന ഇന്റലിജെൻസ് റിപ്പോർട്ടിന്റേയും ആഭ്യന്തര സർവ്വേകളുടേയും അടിസ്ഥാനത്തിൽ മധ്യപ്രദേശിൽ കളം മാറ്റി ചവിട്ടിനോക്കാനാണ് ബിജെപി പദ്ധതി.കഴിഞ്ഞദിവസം പാര്‍ട്ടി പുറത്തിറക്കിയ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുതിയ അടവ് പയറ്റുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.

കോണ്‍ഗ്രസിന്റെ ശക്തമായ വെല്ലുവിളിയുള്ള സംസ്ഥാനത്ത് മൂന്ന് കേന്ദ്രമന്ത്രിമാര്‍, നാല് എംപിമാര്‍, ഒരു ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെയാണ് 39 അംഗ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലൂടെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രചാരണത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തരെതന്നെ മുന്നില്‍ നിര്‍ത്തുകയാണ് ബിജെപി. 230 സ്ഥാനാര്‍ത്ഥികളില്‍ 76 പേരുടെ പട്ടികയാണ് ബിജെപി ഇതുവരെ പുറത്തുവിട്ടത്.

അതേസമയം, ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചുവരുന്ന ശിവ്‌രാജ് സിംഗ് ചൗഹാന്റെ പേര് രണ്ടുപട്ടികയിലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഒരു നേതൃത്വമാറ്റ സൂചനയാണ് ഇതിലൂടെ ബിജെപിയുടെ കേന്ദ്രനേതൃത്വം നല്‍കുന്നതെന്ന് വ്യക്തമാണ്.നേരത്തേ ഗുജറാത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ മാറ്റി വലിയ അഴിച്ചുപണിയാണ് ബി ജെ പി നടത്തിയത്.സമാന രീതിയിലുള്ള മാറ്റങ്ങളാണ് ബി ജെ പി മധ്യപ്രദേശിലും ആലോചിക്കുന്നത്.

ആന്ധ്ര പ്രദേശിൽ മുൻ ബിജെപി സഖ്യകക്ഷിയായിരുന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ജയിലിലാണ്.ആന്ധ്രാ സ്‌കില്‍ ഡെവലപ്പ്‌മെന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്‍റെ മകന്‍ നാരാ ലോകേഷിനെയും കേസിൽ പ്രതിചേര്‍ത്തിട്ടുണ്ട്.അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പും പിന്നാലെ ലോക്സസഭാ തെരഞ്ഞെടുപ്പും  നടക്കാനിരിക്കെയാണ് ടിഡിപിയുടെ രണ്ട് പ്രധാന നേതാക്കള്‍ അഴിമതിക്കേസില്‍ പ്രതികളായത്.ഇതിന് ‍പിന്നിൽ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ടിഡിപി  നേരത്തെ തന്നെ ആരോപിച്ചിരുന്നു.ഇടക്കാലത്ത് ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു നായിഡു.

സഖ്യകക്ഷിയായിരുന്നെങ്കിലും തമിഴ്നാട്ടിൽ അണ്ണാമലൈയുടെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെയെ പിളർത്താനുള്ള ശ്രമം തുടങ്ങിയിട്ട് കാലമേറെയായി.ഇതിനിടയിലായിരുന്നു ഡിഎംകെ മന്ത്രിയായ ഉദയനിധിയുടെ സനാതന ധർമ്മ വിവാദം.ഇതോടെ ഒന്നുകൂടി പ്രതിരോധത്തിലായത് അണ്ണാ ഡിഎംകെയായിരുന്നു.തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ.എഐഎഡിഎംകെ പ്രധാനമായും ദ്രാവിഡ പാര്‍ട്ടിയായതിനാലും ബിജെപിയുമായുള്ള സഖ്യം കാരണം പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് പിന്നോക്കം പോയതായി പലപ്പോഴും തോന്നിയിരുന്നു.കൂടാതെ, തമിഴ്നാട്ടിലെ മുസ്ലീം വോട്ടുകളില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന മേല്‍ക്കൈ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഇനിയും സഖ്യം തുടര്‍ന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് പോലും ലഭിക്കില്ലെന്നും അണ്ണാ ഡിഎംകെ വിലയിരുത്തുന്നു.

ഇതോടൊപ്പം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയോടുള്ള എതിര്‍പ്പും മുന്നണി വിടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു.അന്തരിച്ച മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈ 1956 ല്‍ ഒരു സമ്മേളനത്തില്‍ ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ അണ്ണാമലൈ നടത്തിയ പരാമര്‍ശം അടുത്തിടെ സംസ്ഥാനമൊട്ടാകെ കോളിളക്കമുണ്ടാക്കി.കൂടാതെ, ഈ സംഭവത്തിന് ശേഷം അണ്ണാദുരൈ മധുരയില്‍ ഒളിവില്‍ കഴിഞ്ഞെന്നും ക്ഷമാപണം നടത്തിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയതെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.ഇതെല്ലാം എഐഡിഎംകെയെ സഖ്യം വിടാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്.

തമിഴ്നാട് പിടിക്കാൻ ബിജെപി കളത്തിലിറക്കിയതായിരുന്നു മുൻ ഐപിഎസുകാരൻ കൂടിയായ അണ്ണാമലൈയെ.എന്നാൽ ഇപ്പോൾ ഉള്ളതും നഷ്ടപ്പെടുത്തി നിൽക്കുന്ന അണ്ണാമലൈയാണ് അവർക്ക് മുന്നിലുള്ളത്.

Back to top button
error: