മുംബൈ: ബിജെപിയിലെ വിമത ശബ്ദമായ പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. പങ്കജയുടെ ഉടമസ്ഥതയിലുള്ള വൈദ്യനാഥ് ഷുഗർ ഫാക്ടറിക്കാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്. ബീഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുൻ മന്ത്രി കൂടിയായ പങ്കജ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റ് ഫാക്ടറികൾക്ക് സഹായം ലഭിച്ചപ്പോൾ തന്റെ ഫാക്ടറിയെ തഴഞ്ഞെന്നും പങ്കജ ആരോപിച്ചു. നോട്ടീസിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ പലിശയുമായി ബന്ധപ്പെട്ടതാണ്. നടപടിക്രമങ്ങൾ ഏതാനും മാസങ്ങൾക്കുമുമ്പ് ആരംഭിച്ചുവെന്നും ഞങ്ങൾ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മുണ്ടെ പറഞ്ഞു. തുടർച്ചയായ വരൾച്ചയെത്തുടർന്ന് ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്കിൽ പണയപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏകദേശം ഒമ്പത് ഫാക്ടറികൾ സാമ്പത്തിക സഹായത്തിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നു. എന്റെ ഫാക്ടറിക്ക് മാത്രമാണ് സഹായം നിഷേധിച്ചത്. സഹായം ലഭിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും പങ്കജ പറഞ്ഞു. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. നിരവധി തവണ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ പങ്കജ രംഗത്തെത്തിയിരുന്നു.
തുടർന്ന് ഇവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അതിനിടെ പങ്കജയെ പിന്തുണച്ച് എൻസിപി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബിജെപി പഴയ വിശ്വസ്തരോട് എങ്ങനെയാണ് അനീതി കാണിക്കുന്നു എന്നതിന്റെ തെളിവാണ് പങ്കജക്കെതിരെയുള്ള നടപടിയെന്ന് സുപ്രിയ പറഞ്ഞു. മറ്റ് ബിജെപി ഫാക്ടറികൾക്ക് കേന്ദ്രത്തിന്റെ സഹായം ലഭിച്ചപ്പോൾ പങ്കജയുടെ ഫാക്ടറി ഒഴിവാക്കപ്പെട്ടു. ഫാക്ടറിക്ക് പുതിയ വായ്പകൾക്കുള്ള സർക്കാർ ഗ്യാരണ്ടി ലഭിച്ചില്ലെന്നും സുപ്രിയ പറഞ്ഞു. മഹാവികാസ് അഘാടി സർക്കാർ പങ്കജയുടെ ഫാക്ടറിയെ സഹായിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.