IndiaNEWS

കയ്യിലുള്ള 2000 രൂപ നോട്ട് മാറാൻ ഇനി 4 ദിവസം  മാത്രം ബാക്കി, ഒക്ടോബർ ഒന്ന് മുതൽ ജനങ്ങളെ ബാധിക്കുന്ന സാമ്പത്തിക ചില മാറ്റങ്ങൾ

     ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസി നോട്ട് 2000 രൂപ ഒരാഴ്ചയ്ക്കുള്ളിൽ പിൻവലിക്കും. അതേസമയം ഇപ്പോഴും 24,087 കോടി രൂപ (2.9 ബില്യൺ ഡോളർ) മൂല്യമുള്ള 2000 ന്റെ നോട്ടുകൾ പ്രചാരത്തിലുണ്ട് എന്ന് കണക്കുകൾ. 2000 രൂപ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് മെയ് 19 ന് ഉത്തരവിട്ടു, സെപ്തംബർ അവസാനം വരെ ആളുകൾക്ക് അവ മാറാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ സമയം അനുവദിച്ചു.

3.56 ട്രില്യൺ രൂപയിൽ ഭൂരിഭാഗവും ബാങ്കിൽ തിരികെ എത്തിയപ്പോൾ, സെപ്റ്റംബർ ഒന്ന് വരെ നോട്ടുകളുടെ ഏഴ് ശതമാനം വിപണിയിലുണ്ട്. 1000, 500 രൂപ നോട്ടുകൾ നിയമാനുസൃതം  പിൻവലിക്കാനുള്ള ഞെട്ടിക്കുന്ന കേന്ദ്രസർക്കാർ  തീരുമാനത്തിന് ശേഷം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ 2016 നവംബറിലാണ് പിങ്ക് നിറത്തിലുള്ള 2,000 രൂപ നോട്ട് അവതരിപ്പിച്ചത്.

Signature-ad

2000 രൂപ നോട്ടുകൾ എങ്ങനെ, എവിടെ നിന്ന് മാറ്റാം?

സെപ്തംബർ 30 വരെ 2000 രൂപ നോട്ടുകൾ അതത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റാനോ കഴിയും. മെയ് 23 മുതൽ ആർബിഐയുടെയും രാജ്യത്തെ മറ്റെല്ലാ ബാങ്കുകളുടെയും ശാഖകളിൽ ഈ സൗകര്യം ലഭ്യമാണ്. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, സാധാരണ ബാങ്ക് ഉപഭോക്താക്കൾക്ക് 2000 ത്തിന്റെ 10 നോട്ടുകൾ മാത്രമേ ഒരേസമയം മാറ്റാൻ കഴിയൂ, അതായത് 20,000 രൂപ. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ  പരിധികളൊന്നുമില്ല.

ഇതോടൊപ്പം പേഴ്സണൽ ഫിനാൻസിലും ഒക്ടോബർ ഒന്ന് മുതൽ ചില മാറ്റങ്ങൾ വരികയാണ്. മ്യൂച്ചൽ ഫണ്ട് ഫോളിയോകളുടേയും, ഡിമാറ്റ് ആൻഡ് ട്രേഡിങ് അക്കൗണ്ടുകളുടേയും നോമിനിയെ ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. വിദേശരാജ്യങ്ങളിൽ പുതിയ ടി.സി.എസ് നിയമങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. .

ഒക്ടോബർ ഒന്ന് മുതൽ പേഴ്സണൽ ഫിനാൻസിൽ വരുന്ന മാറ്റങ്ങൾ

1.മ്യൂച്ചൽ ഫണ്ടുകളുടെ നോമിനി ചേർക്കൽ

നിലവിലുള്ള മ്യൂച്ചൽ ഫണ്ട് ​ഫോളിയോകൾക്ക് നോമിനി ചേർക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. രണ്ട് പേർ ഒരുമിച്ചുള്ള ഫണ്ടുകൾക്കും ഇത്തരത്തിൽ നോമിനി ചേർക്കണം. സെപ്റ്റംബർ 30ന് ശേഷവും നോമിനി ചേർത്തില്ലെങ്കിൽ ഫണ്ടുകൾ മരവിപ്പിക്കും.

2.പുതിയ ടി.സി.എസ് നിയമങ്ങൾ

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏഴ് ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാട് നടത്തിയാൽ ഒക്ടോബർ ഒന്ന് മുതൽ 20 ശതമാനം ടി.സി.എസായി നൽകേണ്ടി വരും. അതേസമയം, പണം ചെലവഴിക്കുന്നത് വിദ്യാഭ്യാസ- ആരോഗ്യ ആവശ്യങ്ങൾക്കാണെങ്കിൽ ഏഴ് ലക്ഷത്തിന് മുകളിലുള്ള തുകക്ക് അഞ്ച് ശതമാനം ടി.സി.എസ് നൽകിയാൽ മതിയാകും.

3. ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകൾക്കുള്ള നോമിനേഷൻ

ഓഹരി വിപണിയിൽ ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകൾക്ക് നോമിനേഷൻ ചേർക്കാനുള്ള അവസാന തീയതിയും സെപ്റ്റംബർ 30 ആണ്. ഇതിന് ശേഷവും നോമിനേഷൻ ചേർത്തില്ലെങ്കിൽ അക്കൗണ്ടുകൾ ഫ്രീസാവും. ഇതുസംബന്ധിച്ച് 2021 ജൂലൈ 23നാണ് സെബി ഉത്തരവിറക്കിയത്. 2023 മാർച്ച് 31നകം നോമിനി ചേർക്കണം എന്നായിരുന്നു ഉത്തരവ്. പിന്നീട് ഇത് സെപ്റ്റംബർ വരെ ദീർഘിപ്പിച്ചു.

4. സേവിങ്സ് അക്കൗണ്ടുകൾക്ക് ആധാർ കാർഡ്

പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് നിക്ഷേപം, മറ്റ് ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയിൽ പണം നിക്ഷേപിച്ചിട്ടുള്ളവർ സെപ്റ്റംബർ 30നകം ആധാർ വിവരങ്ങൾ നൽകണം. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ എത്തി വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും എന്നാണ് മുന്നറിയിപ്പ്.

5. സർക്കാർ ജോലികൾക്ക് ജനന സർട്ടിഫിക്കറ്റ്

ആധാറിനും സർക്കാർ ജോലിക്കുമുള്ള ആധികാരിക രേഖ ഇനി ജനന സർട്ടിഫിക്കറ്റാണ്. ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തിയതോടെയാണ് ഇത്.

Back to top button
error: