പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥികളെ മറ്റുള്ള വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. നടപടിയിൽ രക്ഷിതാക്കളുടെ പരാതിയിൽ ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് ജീവനക്കാർക്കെതിരെ കേസ് എടുത്തു. ഹോസ്റ്റലിലെ ജീവനക്കാരായ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നിവർക്കെതിരെയാണ് ഷോളയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഷോളയൂർ പ്രീ മെട്രിക്ക് ഹോസ്റ്റലിലെ നാല് വിദ്യാർത്ഥികളെയാണ് ജീവനക്കാർ അപമാനിച്ചത്. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.
വിദ്യാർത്ഥികൾ പരസ്പരം വസ്ത്രം മാറിയിട്ടതിനാണ് മറ്റ് വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ച് ഹോസ്റ്റലിലെ ജീവനക്കാർ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചത്. മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതെ സമയം ഹോസ്റ്റലിൽ പകർച്ച വ്യാധി പടരുന്നത് തടയാനാണ് വസ്ത്രം മാറിയിടുന്നത് തടഞ്ഞതെന്നാണ് ഹോസ്റ്റൽ അധികൃതരുടെ വിശദീകരണം.