തെന്നിന്ത്യയുടെ പ്രിയ നായിക ബോളിവുഡിലെ തുടക്കം മികച്ചതാക്കിയിരുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തിൽ ആദ്യമായി നായികയായപ്പോൾ വിസ്മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടേയും പേരിലായത്. എന്നാൽ അറ്റ്ലിയുമായി നയൻതാര തർക്കത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. ഇതിൽ നടി നയൻതാര മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് ടോളിവുഡ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.
ജവാനിൽ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങൾ കുറവാണെന്ന് പരാതി ഉയരുകയും നടി അതിൽ പരിഭവിച്ചിരിക്കുകയാണ് എന്നുമായിരുന്നു റിപ്പോർട്ടുകൾ. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നൽകിയാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാർത്തകളുണ്ടായി. ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല.
ജവാനിൽ നയൻതാര ചെയ്ത വേഷത്തെ കുറിച്ച് ഷാരൂഖ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു അമ്മയായ നർമദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖിന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോൾ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം കുറവായി. എങ്കിലും പക്ഷേ മികച്ചതായിരുന്നു കഥാപാത്രമെന്നും താരം ആരാധകന് മറുപടിയായി വ്യക്തമാക്കി. ആക്ഷനിലടക്കം നയൻതാരയുടേത് മികച്ച പ്രകടനമായിരുന്നു ചിത്രം കണ്ടവർ അഭിപ്രായപ്പെട്ടത്. ട്വിറ്ററിൽ ആരാധകരോടെ സംസാരിക്കവേയാണ് ഷാരൂഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഷാരൂഖിന്റെ ജവാൻ ആഗോളതലത്തിൽ 1000 കോടി ക്ലബിൽ എത്തിയെന്ന റിപ്പോർട്ടിനായാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യം നോക്കുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ ഇന്ന് ആ റെക്കോർഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഷാരൂഖ് ഖാൻ നായകനായ ചിത്രം വമ്പൻ വിജയമായിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ജവാൻ സിനിമയുടെ സംവിധാനം അറ്റ്ലിയായിരുന്നു.