ന്യൂഡൽഹി: 26 വർഷമായി ജയിലിൽ കഴിയുന്ന കൊലപാതകക്കേസിലെ പ്രതിയെ മോചിപ്പിച്ച് സുപ്രീംകോടതി. ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അങ്കമാലി കറുകുറ്റി കൂവേലി ജോസഫിനെയാണ് മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. തടവുശിക്ഷയിലൂടെ മാനസാന്തരപ്പെട്ട വ്യക്തിയെ ആജീവനാന്തം ജയിലിൽ അടയ്ക്കുന്നതുകൊണ്ട് എന്ത് നേട്ടമാണുള്ളതെന്നും കോടതി ചോദിച്ചു.
നീണ്ടകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്നത് തടവുകാരെ തകര്‍ക്കുകയും നിരാശയിലേക്ക് തള്ളിവിടുകയും ചെയ്യും. കൂടാതെ തെറ്റ് ക്ഷമിക്കാത്ത സമൂഹത്തെയാണ് അത് സൂചിപ്പിക്കുന്ന്. നല്ല പെരുമാറ്റത്തിന് തടവുകാരന് പ്രതിഫലം നല്‍കുന്ന ആശയം പൂര്‍ണമായും നിരാകരിക്കാനാവില്ലെന്നും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
ശിക്ഷാ ഇളവ് നിഷേധിക്കുന്നതു തുല്യതയ്ക്കും ജീവിക്കാനുമുള്ള അവകാശം സംബന്ധിച്ച ഭരണഘടനാവകുപ്പുകൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ തെറ്റ് മനസിലാക്കിയ ആളെ ശിക്ഷിക്കുന്നതില്‍ എന്താണ് കാര്യമുള്ളത്. ആജീവനാന്ത തടവു ശിക്ഷയ്ക്ക് വിധിക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കാതെ ജയിലിനുള്ളില്‍ മരിക്കാന്‍ കാരണമാകുമെന്ന് കോടതി വ്യക്തമാക്കി.
1998 മുതൽ ജയിൽ ശക്ഷ അനുഭവിക്കുകയാണ് 66കാരനായ ജോസഫ്. 1994ൽ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. 1996 ൽ വിചാരണക്കോടതി വിട്ടയച്ചെങ്കിലും 1998 ൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഈ നടപടി 2000 ൽ സുപ്രീം കോടതിയും ശരിവച്ചെങ്കിലും പീഡനക്കുറ്റം ഒഴിവാക്കി. ജയിൽ ഉപദേശക സമിതിയുടെ മോചനശുപാർശ തുടർച്ചയായി നിഷേധിക്കുകയായിരുന്നു സർക്കാർ.
സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ നേരത്തേ മോചിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ 2022 ലെ സർക്കാർ ഉത്തരവാണ് വിനയായത്