ദില്ലി: ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. ഇന്നലെ ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു.
ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദ്ദേശമാണ് തള്ളിയത്. അതേസമയം, പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചർച്ചക്കിടെ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെൻസെസ്, മണ്ഡല പുനർ നിർണ്ണയ നടപടികൾ പൂർത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികൾ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.