നാട്ടുകാരിയായ യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം 150 പേരെ അംഗങ്ങളാക്കി പുതിയ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സഹോദരന്മാരായ യുവാക്കൾ പൊലീസ് പിടിയിലായി. ഇടുക്കി തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാട്ടിൽ സമൂഹ്യ മാധ്യമത്തിൽക്കൂടി അപമാനിക്കപ്പെട്ട യുവതിയുടെ പരാതിയാണ് സമാനതകളില്ലാത്ത നീചമായ ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്.
ഇടിഞ്ഞമലയിൽ ഗ്യാലക്സി ഗ്യാസ് ഏജൻസി നടത്തുന്ന കറുകച്ചേരിൽ പൊന്നച്ചന്റെ മകൻ ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധമാണ് ഗൂഡാലോചനയുടെ തുടക്കം. പകവീട്ടാൻ തീരുമാനിച്ച ജെറിൻ ഗ്യാസ് ഏജൻസി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെയും നൂറ്റമ്പതോളം ആളുകളെ ചേർത്ത് ഒരു വാട്സ്ആപ് ഗ്രുപ്പ് രൂപീകരിച്ചു. തുടർന്ന് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്, അശ്ലീല സൂചനകളോടെ വാട്സ്ആപ് ഗ്രുപ്പിൽ പ്രചരിപ്പിച്ചു. തുടർന്ന് ഗ്രുപ്പ് ഡിലീറ്റ് ചെയ്തു. അപമാനിക്കപ്പെട്ട യുവതി കഴിഞ്ഞ ഏപ്രിൽ 17 ന് തങ്കമണി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സ്റ്റേഷൻ അധികൃതർ സൈബർ സെല്ലുമായി ബന്ധപ്പെട്ടു. തങ്കമണി പോലിസ് ഇൻസ്‌പെക്ടർ സന്തോഷ്. കെ.എം, എസ്.സി.പി.ഒ ജോഷി ജോസഫ് എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
സംഭവത്തിന്റെ മുഖ്യആസൂത്രകനായ ജെറിന്റെ തൊഴിലാളിയായിരുന്ന ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപേയാഗിച്ചാണ് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് വ്യക്തമായി. ആസാംകാരനായ തന്റെ തൊഴിലാളിയോട്, ഇപ്പോൾ പണി കുറവായതിനാൽ നാട്ടിൽ പൊയ്ക്കോളൂ, ആവശ്യം ഉള്ളപ്പോൾ വിളിക്കാം എന്ന് പറഞ്ഞ് സിം കാർഡ് വാങ്ങിയിട്ട് പണം നൽകി നാട്ടിൽ പറഞ്ഞുവിട്ടു. ജെറിന്റെ സഹോദരൻ ജെബിനാണ് സിം കാർഡ് തിരികെ വാങ്ങിയത്, തുടർന്ന് ജെറിൻ വാട്സ്ആപ് ഗ്രുപ്പിൽ അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചശേഷം വാട്സ്ആപ് ഗ്രുപ്പ് ഡിലീറ്റ് ചെയ്തു. പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. കേസ്സിന്റെ ഗൗരവം അറിഞ്ഞ ജില്ലാപോലീസ് മേധാവി വി.യു കുര്യാക്കോസ്, പ്രധാന സാക്ഷിയായ ആസാം സ്വദേശിയെ കണ്ടെത്തുന്നതിന് എല്ലാ പിന്തുണയും നൽകി. തുടർന്ന് ഇൻസ്‌പെക്ടർ സന്തോഷ്, എസ്.സി.പി.ഒ ജോഷി ജോസഫ്, സി.പി.ഒ ജിതിൻ അബ്രഹാം എന്നിവർ ആസ്സാം, നാഗാലാൻഡ് ബോർഡറുകളിൽ എത്തി. ശ്രമകരമായ ദൗത്യത്തിനോടുവിൽ ഇവർ ആസാം സ്വദേശിയെ കണ്ടെത്തി.
ഇടുക്കി ജില്ലാ പോലിസ് മേധാവിയുടെയും കട്ടപ്പന ഡിവൈ.എസ്.പി വി എ നിഷാദ്മോന്റെയും നിർദ്ദേശാനുസരണം അന്വേഷക സംഘം ആസാം സ്വദേശിയെ നെടുംകണ്ടം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴിരേഖപ്പെടുത്തി, അറസ്റ്റ് ഉറപ്പായ പ്രധാന പ്രതികളായ ജെറിനും ജെബിനും ഒളിവിൽ പോയശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി.
കട്ടപ്പന ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റിന്റെ സെർച്ച് വാറണ്ടുമായി, പഴുതടച്ച കേസ്സ് ആന്വേഷണത്തിനൊടുവിൽ പോലിസ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു.
ഭീഷണിയും സമ്മർദ്ദങ്ങളും, പ്രലോഭനങ്ങളും,ഉണ്ടായിട്ടും തന്റെയും കുടുംബത്തിന്റെയും അഭിമാനവും, അന്തസ്സും ഇല്ലാതാക്കാൻ കൊടും ക്രൂരവും, നീചവുമായ കുറ്റകൃത്യം ചെയ്ത പ്രതികളെ, നിയമത്തിന് മുമ്പിലെത്തിച്ച് തനിക്ക് നീതി നേടിത്തരാൻ പ്രയത്നിച്ച പൊലിസ് മേധാവികളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പരാതിക്കാരിയായ യുവതി നന്ദി അറിയിച്ചു.