KeralaNEWS

കള്ള് കുടിയൻമാർ അറിയണം, നിപ വരുന്ന വഴി

ലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെടുന്നത്. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍.
വവ്വാലിന്റെ കാഷ്ഠം, മൂത്രം,ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. ലോകത്ത് ആദ്യമായി മലേഷ്യയില്‍ ആണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.മലേഷ്യയില്‍ വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പടരുകയാണുണ്ടായത്.
വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുകളുള്ള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും രോഗം പകരും. പന്നിപോലെയുള്ള മറ്റു വളര്‍ത്തുമൃഗങ്ങളില്‍നിന്നും രോഗം മനുഷ്യരിലേക്ക് പകരാം. രോഗിയുടെ ശരീരസ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്.
പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ വൈറസിന്റെ ഒരു സ്വഭാവമാണ്.കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം എന്നിവയുമുണ്ടാകാം. സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം മൂത്രം തൊണ്ടയില്‍ നിന്നുള്ള സ്രവം, വേണ്ടി വന്നാല്‍ നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത നീര്(ഫ്ലൂയിഡ്) എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്.
2018 മെയ് അഞ്ചിനാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേരൊഴികെ പതിനേഴ് പേരും മരണത്തിന് കീഴടങ്ങി. ആദ്യമരണം നടന്നുകഴിഞ്ഞ് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതമായ ഒരു വൈറസിനെ കുറിച്ച് ആരോഗ്യവകുപ്പിന് സംശയം ജനിക്കുന്നത്. തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയില്‍ (മേയ് 19-ന്) മരണം നിപ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗനിര്‍ണയത്തിന് രണ്ടാഴ്ചയോളം വേണ്ടിവന്നെങ്കിലും പഴുതടച്ച പ്രതിരോധത്തിലൂടെ വൈറസിന്റെ അതിവ്യാപനം തടയാന്‍ സാധിച്ചു.
പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ചുകെട്ടിവീട്ടില്‍ സാബിത്താണ് കേരളത്തില്‍ നിപ ബാധിച്ച് മരിച്ച ആദ്യരോഗി.സാബിത്തിനെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തക, പേരാമ്പ്ര ആശുപത്രിയിലെ നേഴ്‌സ് ലിനി പുതുശ്ശേരിയും പിന്നീട് നിപ രോഗം ബാധിച്ച് മരിച്ചു.

2001-ലാണ് ഇന്ത്യയില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 50 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ ആദ്യത്തെയാള്‍ പ്രദേശത്തെ പനയില്‍ നിന്നുള്ള കള്ള് കുടിച്ചതായി പ്രദേശവാസികള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
ശ്രദ്ധിക്കേണ്ടത്:
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.വവ്വാലുകള്‍ കടിച്ച ചാമ്പയ്ക്ക, പേരയ്ക്ക, മാങ്ങ, റമ്പുട്ടാൻ, പപ്പായ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.കിണറുകളും മറ്റും വിലയിട്ട് മൂടുക.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക…

Back to top button
error: