KeralaNEWS

നഷ്ടപ്പെട്ടത് ബിജെപിയുടെ ജനകീയ മുഖം

കണ്ണൂർ:നിലപാടുകള്‍ കൊണ്ട് കേരള രാഷ്‌ട്രീയത്തില്‍ എന്നും ശ്രദ്ധേയനായ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപിയു‌ടെ മുതിര്‍ന്ന നേതാവ് കൂടിയായ പി.പി.മുകുന്ദൻ.ആര്‍എസ്‌എസിലൂടെ ബിജെപിയിലെത്തിയ പി.പി. മുകുന്ദൻ സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്തിയ നേതാക്കളിലെ പ്രമുഖനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയിലെ പ്രബലനുമായിരുന്നു.

കെ.ജി.മാരാര്‍, കെ. രാമൻപിള്ള, പി.പി. മുകുന്ദൻ, ഒ. രാജഗോപാല്‍. ഈ നാല്‍വര്‍ സംഘത്തിന്‍റെ നേതൃത്വമാണ് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത്. ആര്‍എസ്‌എസില്‍ നിന്നാണ് മുകുന്ദൻ ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.ഒരുകാലത്ത് സംസ്ഥാന ബിജെപിയിലെ ശക്തനായ നേതാവായിരുന്ന മുകുന്ദൻ രാഷ്‌ട്രീയ എതിരാളികളടക്കമുള്ളവരുമായി എന്നും അടുത്ത സൗഹൃദമാണ് പുലര്‍ത്തിയിരുന്നത്.രാഷ്‌ട്രീയമായി എതിര്‍പക്ഷത്തുള്ളവരെ ശക്തമായി എതിര്‍ക്കുന്പോഴും വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാത്ത തികഞ്ഞ സൗഹൃദമായിരുന്നു പി.പി. മുകുന്ദന്‍റെ പ്രത്യേകത.

Signature-ad

മറ്റു പാര്‍ട്ടികളില്‍പെട്ടവര്‍ നമ്മുടെ ശത്രുക്കളല്ല, രാഷ്‌ട്രീയ പ്രതിയോഗികകള്‍ മാത്രമാണെന്നും. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ ഒരു പക്ഷേ നാളത്തെ ബിജെപിക്കാരനാകും എന്ന മനസോടെയാണ് അവരെ സമീപിക്കേണ്ടതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്.

കേരള രാഷ്‌ട്രീയത്തില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഫലമായി തെരഞ്ഞെടുപ്പ് വേളയില്‍ വടകരയിലും ബേപ്പൂരിലും കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യപരീക്ഷണത്തിന്‍റെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടെങ്കിലും തളരാതെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. സംസ്ഥാനത്ത് കെ. കരുണാകരനും ഇ.കെ. നായനാരും കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളെ നയിച്ചപ്പോള്‍ ഇവര്‍ക്കൊപ്പം കിടപിടിച്ച ബിജെപിയുടെ മുഖമായിരുന്നു ഇദ്ദേഹത്തിന്‍റേത്.

കെ.കരുണാകരന്റെ കാലത്ത്  സംഘത്തിന്റെ ഒടിസിയുമായി ബന്ധപ്പെട്ട റൂട്ട് മാര്‍ച്ച്‌ മുഖ്യമന്ത്രി കരുണാകരൻ തടയുകയും നിരോധിക്കുകയും ചെയ്തു.ആ വേളയിൽ ഗവണ്‍മെന്റിന്റെ സര്‍വ്വ സര്‍വ്വസന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട്  പരിപാടി തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജയകരമായി നടത്തിയത് മുകുന്ദന്റെ സംഘാടന മികവ് ഒന്നുകൊണ്ടു മാത്രമായിരുന്നു.

2006 ഓടെ ബിജെപി നേതൃത്വവുമായി ഉണ്ടായ മുഷിച്ചലിനെ തുടര്‍ന്ന് ദീര്‍ഘകാലം സജീവ രാഷ്‌ട്രീയത്തില്‍ നിന്നും മാറി നിന്ന പി.പി. മുകുന്ദനെ സംസ്ഥാന പ്രസിഡന്‍റായ കുമ്മനം രാജശേഖരൻ പാര്‍ട്ടി പരിപാടികളിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിച്ചിരുന്നു. കുമ്മനം ഇടപെട്ട് പാര്‍ട്ടി പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും ഇതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരേ നടത്തിയ വിമര്‍ശനം തിരിച്ചു വരവ് വൈകിപ്പിച്ചു.

ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോഴും നേതൃത്വത്തിന്‍റെ ചില നിലപാടുകള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്നു വിട്ടുനിന്നപ്പോഴും തിരിച്ചെത്തിയപ്പോഴും നടത്തിയ വിമര്‍ശനങ്ങള്‍ ബിജെപിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

പറയാനുള്ളത് തുറന്നു പറയുക, അത് പാര്‍ട്ടിക്കുള്ളിലായായും പുറത്തായാലും എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്. പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍ ശക്തി കൂടിയായിരുന്നു പി.പി. മുകുന്ദൻ. തിരുവനന്തപുരം ചാലയിലുണ്ടായ തീവയ്പുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയസംഘര്‍ഷം, മാറാട് ബീച്ചില്‍ എട്ട് ഹൈന്ദവര്‍ കൊല്ലപ്പെ‌ട്ടതിനെ തുടര്‍ന്ന് മാറാട് വര്‍ഗീയ സംഘര്‍ഷം, കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ സംഘര്‍ഷം അതിന്‍റെ മൂര്‍ധന്യത്തിലെത്തുകയും നിരവധി യുവാക്കള്‍ മരിക്കുകയും ചെയ്ത സംഘര്‍ഷപരന്പര എന്നിവയില്‍ സമാധാനശ്രമങ്ങള്‍ക്ക് അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.

ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്‌നത്തില്‍ ഇടപെടുത്താനും പാനൂര്‍ നഗരത്തില്‍ പ്രശസ്ത സിനിമാതാരങ്ങള്‍ അടക്കമുള്ളരെ അണിനിരത്തി സമാധാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കും അദ്ദേഹം ചുക്കാൻ പിടിച്ചു.

സംഘടനാ ചുമതലകളില്‍ നിന്നെല്ലാം ഒഴിഞ്ഞശേഷം 2007 ല്‍ കുടുംബക്ഷേത്രമായ മണത്തണയിലെ കൊളങ്ങരയത്ത് പള്ളിഭഗവതി ക്ഷേത്ര നവീകരണത്തിനും ക്ഷേത്രത്തോടനുബന്ധിച്ച്‌ മനോഹരമായ രൂപകല്പന ചെയ്ത് ഭൂഗര്‍ഭധ്യാന മണ്ഡപം നിര്‍മിച്ച്‌ ഗാനഗന്ധര്‍വന്‍ യേശുദാസിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിനും നേതൃത്വം നല്‍കിയത് മുകുന്ദനാണ്.

പൊതുപ്രവര്‍ത്തക മികവിനുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Back to top button
error: