KeralaNEWS

നീണ്ട കാത്തിരിപ്പിന് അവസാനമായി; ആപ്പിൾ ഐഫോൺ 15 ഇന്നെത്തും

കാത്തിരിപ്പിന് അവസാനമായി. ആപ്പിൾ ഐഫോൺ 15 ഇന്നെത്തും. ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. കമ്പനിയുടെ യൂട്യൂബ് ചാനലിൽ നിലവിൽ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. apple.com-ലും Apple TV ആപ്പിലുമാണ് ലോഞ്ചിങ് ലൈവായി കാണാനാകുക. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ഇവന്റ് നടക്കുന്നത്. ആപ്പിളിന്റെ ആസ്ഥാനത്ത് മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ഒരു കീനോട്ട് കാണും, അത് ടിം കുക്ക് നേരിട്ട് ആരംഭിക്കും. തുടർന്ന്, മുൻ വർഷങ്ങളിലെ പോലെ പരിപാടികൾക്ക് ശേഷം തിയേറ്ററിലെ ഹാൻഡ്സ്-ഓൺ ഏരിയയിൽ പ്രസ്സുകളും അതിഥികളും പുതിയ ഉൽപ്പന്നങ്ങൾ ടെസ്റ്റ് ചെയ്യും. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്.

ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

Signature-ad

ലോഞ്ചിങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കേ ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്സിനും വില കൂടാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഡിജിടൈംസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ സീരീസ് സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്ന് ടൈറ്റാനിയത്തിലേക്ക് ചേസിസ് അപ്‌ഗ്രേഡുകൾ ചെയ്തതായി പറയുന്നു.

പെരിസ്‌കോപ്പ് ലെൻസും അപ്ഗ്രേഡ് ചെയ്തതായി പറയപ്പെടുന്നുണ്ട്. അത് വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് സൂചന. ഐഫോൺ 15 പ്രോ മാക്‌സ് ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ചെലവേറിയ ഐഫോണാകുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഐഫോൺ 14 സീരിസ് എടുത്തു നോക്കിയാൽ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയുടെ വിൽപ്പന ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയെക്കാൾ മുന്നിലായിരുന്നു. അതുതന്നെ ഇവിടെയും ആവർത്തിച്ചേക്കുമെന്നാണ് സൂചന.

Back to top button
error: