തിരുവനന്തപുരം: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയില്‍ അജി (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ അജി ഏഴാം തീയതി രാത്രി പത്തേകാലോടെ അയല്‍വാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും തുടര്‍ന്ന് വെട്ടുക്കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തലയില്‍ ഗുരുതരമായി പരുക്കേറ്റ മനോഹരനെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മനോഹരന്റെ തലയില്‍ 22 തുന്നലുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജിയെ ചേപ്പോട് പാറമടയില്‍ നിന്നാണ് പിടികൂടിയത്. അക്രമാസക്തനായ പ്രതിയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. അരുവിക്കര സി.ഐ.വിപിന്‍, എസ്.ഐ.സജി, ഗ്രേഡ് എസ്.ഐ.പത്മരാജന്‍, സി.പി.ഒമാരായ സജീര്‍, വിപിന്‍ ഷാന്‍, ഷബിന്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അജിയെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ക്കെതിരെ ആര്യനാട് സ്റ്റേഷനില്‍ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.