IndiaNEWS

എട്ടുനോമ്പ്: വിശ്വാസം കരുത്തേകുന്ന എട്ടു ദിനങ്ങൾ !

കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ പിന്തുടർന്നു പോരുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് എട്ടുനോമ്പ് അഥവാ എട്ടു നോയമ്പ്.എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ എട്ടാം തിയതി വരെ പരിശുദ്ധ കന്യകാമറിയത്തിനായി സമർപ്പിച്ചിട്ടുള്ള  ദേവാലയങ്ങളിൽ സമുചിതമായ രീതിയിൽ
എട്ട് നോമ്പ് ആഘോഷിക്കുന്നു. ഉപവാസമെടുത്തും പ്രാാർഥനകളിൽ പങ്കെടുത്തുമാണ് വിശ്വാസികൾ ഈ ദിവസങ്ങൾ ആഘോഷിക്കുന്നത്.
മാതാവിന്‍റെ പിറന്നാളാഘോഷമെന്നും പിറവിത്തിരുന്നാൾ എന്നുമെല്ലാം എട്ടുനോമ്പ് അറിയപ്പെടുന്നു.കേരളത്തിൽ കോട്ടയത്തെ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ് ഏറ്റവും വലിയ എട്ടുനോമ്പ് ആചരണങ്ങൾ നടക്കുന്നത്. എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ അഞ്ച് പ്രധാന ദേവാലയങ്ങളെക്കുറിച്ച് വായിക്കാം.ഒപ്പം രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ മരിയൻ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ‌ വേളാങ്കണ്ണി പള്ളിയുടെ ചരിത്രവും.

1. മണർകാട് മർത്ത മറിയം കത്തീഡ്രൽ

എട്ടുനോയമ്പ് ആചരണത്തിന്‍റെ ആരംഭസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് കോട്ടയം ജില്ലയിലെ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ. മാതാവിന്‍റെ പിറവിത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോയമ്പ് കാലത്ത് ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നത്. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് പള്ളിയിൽ മാതാവിന്‍റെ അരപ്പട്ടയുടെ ഒരു ചെറിയ കഷണം വിശുദ്ധ സൂനോറൂ സൂക്ഷിക്കുന്ന ഇടം കൂടിയാണ്.

ഏകദേശം 1000 വർഷത്തിലധികം പഴക്കം ഈ ദേവാലയത്തിനുണ്ട് എന്നാണ് വിശ്വാസം. ആദ്യം മുളയിൽ നിർമ്മിച്ച ഒന്നായിരുന്നു ഈ ദേവാലയം. പിന്നീട് പല കാലങ്ങളിൽ പലരായി ഇത് പുതുക്കിപ്പണിതു. ഇന്ന് കാണുന്ന രീതിയിൽ 1958 ലാണ് ഇത് നിർമ്മിച്ചത്.

2. കുറവിലങ്ങാട് മർത്ത മറിയം പള്ളി

കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പള്ളി. മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന ഇടത്തെ ഈ ദേവാലയത്തിൽ മാതാവ് കുറവിലങ്ങാട് മുത്തിയമ്മ എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും പ്രസിദ്ധമായ ഈ ദേവാലയം എഡി 105 ലാണ് സ്ഥാപിക്കുന്നത്. മൂന്നു നോയമ്പ് ആണ് ഇവിടെ പ്രധാനമെങ്കിലും എട്ടു നോമ്പ് ആചരണവും കുറവിലങ്ങാട് പള്ളിയിൽ ഉണ്ട്.

3. സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി

മാതാവിനായി സമർപ്പിച്ചിരിക്കുന്ന, തൃശൂരിലെ കൊരട്ടി പള്ളി
കേരളത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഒക്ടോബർ മാസത്തിലാണ് ഇവിടുത്തെ പെരുന്നാളെങ്കിലും എട്ടുനോയമ്പും ഇവിടെ ആചരിച്ച് പോരുന്നു. ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെ ഓരോ വർഷവും ആരാധനയ്ക്കായി എത്തുന്നു. കൊരട്ടിമുത്തിയോടുള്ള നൊവേന നടക്കുന്ന ശനിയാഴ്ചകളാണ് ഇവിടെ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന സമയം.

4. അക്കരപ്പള്ളി, കാഞ്ഞിരപ്പള്ളി

എട്ടുനോമ്പ് വലിയ രീതിയിൽ ആഘോഷിക്കുന്ന ദേവാലയമാണ് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിലെ സെന്‍റ് മേരീസ് ദേവാലയം എന്ന അക്കരപ്പള്ളി. മർത്ത് മറിയം മേജർ ആർക്കിയെപിസ്കോപ്പൽ പഴയപള്ളി അഥവാ അക്കരപ്പള്ളി എന്നും ഇതറിയപ്പെടുന്നു. മരിയൻ തീർത്ഥാടന കേന്ദ്രമായ ഇവിടെ എട്ടുനോയമ്പ് ആഘോഷപൂര്‍വം കൊണ്ടാടുന്ന ചരിത്രമാണുള്ളത്. 1449 സെപ്റ്റംബർ 8നാണ് ഇവിടെ ആദ്യമായി എട്ടുനോമ്പ് ആചരിച്ചത്. അക്കരെപ്പള്ളിയിലെ എട്ടുനോമ്പിലെ പൊതിച്ചോർ വിതരണവും നേർച്ചക്കഞ്ഞിയും വളരെ പ്രസിദ്ധമാണ്.

5. സെന്‍റ് മേരീസ് ‘സൂനോറോ’ തീര്‍ത്ഥാടന കേന്ദ്രം മീനങ്ങാടി

മലബാറിൽ എട്ടുനോമ്പ് ആചരണത്തിന് തുടക്കം കുറിച്ച ദേവാലയമാണ് വയനാട്ടിലെ മീനങ്ങാടി സെന്‍റ് മേരീസ് ‘സൂനോറോ’ തീര്‍ത്ഥാടന കേന്ദ്രം. സെപ്റ്റംബർ 1 മുതൽ എട്ടു വരെ നടക്കുന്ന എട്ടുനോമ്പ് ആചരണത്തിന് വിവിധ ഇടങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ വരുന്നു.
വേളാങ്കണ്ണി പള്ളി
രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ മരിയൻ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ വേളാങ്കണ്ണി പള്ളി.നാനാജാതിമതസ്ഥര്‍ എത്തുന്ന വേളാങ്കണ്ണി തമിഴ്‌നാടിന്റെ കോറമാണ്ഡല്‍ തീരത്ത്‌ നാഗപട്ടിണം ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

1560ല്‍ വിശുദ്ധ കന്യാമറിയം വേളാങ്കണ്ണയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ്‌ വിശ്വാസം.വേളാങ്കണ്ണിയുടെ മതപരമായ പ്രാധാന്യം ആരംഭിക്കുന്നത്‌ അന്നുമതലാണ്‌.നിരവധി അത്ഭുതങ്ങള്‍ക്ക്‌ സാക്ഷിയായ പ്രദേശമാണ്‌ വേളാങ്കണ്ണിയെന്ന്‌ വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട്‌ തന്നെ ഇവിടം അത്ഭുതങ്ങളുടെ നാട്‌ എന്നും അറിയപ്പെടുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച്‌ ഒരു പോര്‍ച്ചുഗീസ്‌ കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു.തങ്ങള്‍ സുരക്ഷിതമായ കരയില്‍ എത്തിയാല്‍ എത്തുന്ന സ്ഥലത്ത്‌ കന്യാമറിയത്തിന്‌ ഒരു പള്ളി നിര്‍മ്മിക്കാമെന്ന്‌ കപ്പലില്‍ ഉണ്ടായിരുന്നവര്‍ നേര്‍ന്നു.തുടര്‍ന്ന്‌ കൊടുങ്കാറ്റ്‌ ശമിക്കുകയും കപ്പല്‍ വേളാങ്കണ്ണി തീരത്ത്‌ അടുക്കുകയും ചെയ്‌തു.കന്യാമറിയത്തിന്റെ ജന്മനാളായ സെപ്‌റ്റംബര്‍ എട്ടിനാണ്‌ പോര്‍ച്ചുഗീസ്‌ കപ്പല്‍ സുരക്ഷിതമായി തീരത്തെത്തിയത്‌. തങ്ങളുടെ നേര്‍ച്ച്‌ പൂര്‍ത്തിയാക്കുന്നതിനായി നാവികര്‍ അവിടെ ഉണ്ടായിരുന്ന പള്ളി പുതുക്കിപ്പണിതതാണ് ഇന്ന് കാണുന്ന വേളാങ്കണ്ണി പള്ളി.
 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: