എറണാകുളം: ആലുവയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് പന്ത്രണ്ട് വർഷം കഠിന തടവ്. ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് ഡ്രൈവറായിരുന്ന സദാശിവനെ മര്‍ദ്ദിച്ച് കൊലപെടുത്തിയ കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ആലുവ മുപ്പത്തടം സ്വദേശി അനസ് എന്ന സുകേശനെയാണ് ശിക്ഷിച്ചത്. എറണാകുളം വടക്കൻ പറവൂർ അഡിഷണൽ ജില്ലാ കോടതിയുടേതാണ് വിധി.
2013 ജൂൺ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കളമശ്ശേരിയിൽ നിന്നെത്തിയ കെഎസ്ആർടിസി ബസ് വൈകിട്ട് 7 മണിക്ക് ആലുവ കെഎസ്ആർടിസി സ്റ്റാന്റിലേക്ക് കയറ്റുന്നതിനിടെ ദേഹത്ത് ഉരഞ്ഞു എന്നാരോപിച്ച് സമീപത്തുണ്ടായിരുന്ന സുകേശനും സുഹൃത്ത് അഷറഫും ബസില്‍ കയറി സദാശിവനെ മര്‍ദ്ദിക്കുകയായിരുന്നു.
പരിക്കേറ്റ് അവശനായ സദാശിവനെ കെഎസ്ആർടിസി ജീവനക്കാർ ആലുവ ഗവൺമന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജാമ്യത്തിലിറങ്ങി മുങ്ങിയ സുകേശനെ വീണ്ടും അറസ്റ്റ് ചെയ്താണ് കോടതി വിചാരണ പൂർത്തിയാക്കിയത്. രണ്ടാം പ്രതി അഷറഫ് വിചാരണക്കിടെ മരിക്കുകയും ചെയ്തു.