പത്തനംതിട്ട: തിരക്കേറിയ റാന്നി കോഴഞ്ചേരി റൂട്ടിൽ തോടിന് കുറുകെയുള്ള 7-8 മീറ്റർ മാത്രം നീളംവരുന്ന പുതമൺ പാലം ഒടിഞ്ഞു മാറി ഗതാഗതം താറുമാറായിട്ട് “8” മാസങ്ങൾ കഴിഞ്ഞു എന്നത് PWD തികച്ചും അഭിമാനകരമത്രെ.
പ്രസ്തുത പാലത്തിന് കൃത്യം ഒരു കിലോമീറ്റർ പിന്നിലായുള്ള പേരൂച്ചാലിൽ പമ്പാനദിക്ക് കുറുകെയുള്ള ചെറിയപാലം പൂർത്തിയാക്കാൻ രണ്ടരപതിറ്റാണ്ട് തികയാതെ വന്നത് മറക്കാത്തവർക്ക് ഈ 8മാസം മൂക്കിലെ രോമം പോലെമാത്രം.
ലോകപ്രശസ്തമായ ശബരിമലയുടെ പ്രധാന ഇടത്താവളമായ വടശ്ശേരിക്കരയിൽ പാമ്പാനദിക്ക് കുറുകെയുള്ള ബംഗ്ലാംകടവ് പാലം പൂർത്തിയാക്കാനെടുത്ത നാലു പതിറ്റാണ്ട് നീണ്ടുനിന്ന കാലയളവ് ഓർത്തെടുക്കാൻ കഴിവുള്ളവർ മുഴുവൻ ഒരുപക്ഷേ ഇപ്പോൾ പരലോകം പൂകിയിരിക്കും.
പമ്പാനദിയിൽ രണ്ടു രണ്ട് താലൂക്കുകളിലായി PWD നിർമ്മിച്ച അഭിമാനസ്തംഭങ്ങളെ ഈ അവസരത്തിൽ വിസ്മരിക്കുന്നത് നെറികേട് ആകും-റാന്നിയിലും കോഴഞ്ചേരിയിലും! കൊറോണയ്ക്കും പ്രളയത്തിനും മുൻപ് പമ്പാനദിയിൽ പാലത്തിനായി നിർമ്മിച്ച കോൺക്രീറ്റ് സ്തൂപങ്ങൾ ശരിക്കും മഴമാപിനികൾ തന്നെയാണ്.
കലാവസ്ഥ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പോ, കളക്ടറുടെ വാർത്താക്കുറിപ്പോ വരുംമുൻപേ നദിയിലെ ജലനിരപ്പിന്റെ ഉയർച്ച താഴ്ച്ചകളുടെ നേർച്ചിത്രം ഈ തൂണുകളിൽ തെളിയുമെന്നത് പത്തനംതിട്ടജില്ലയിലെ PWD വിഭാഗത്തിന്റെ യശ്ശസ്സ് വാനോളം ഉയർത്തുന്നു.
കിഴങ്ങു കൃഷിക്കും, കപ്പകൃഷി, മത്സ്യകൃഷി എന്ന് വേണ്ട കേരളത്തിൽ ക്ലച്ചുപിടിക്കുന്ന മുഴുവൻ കൃഷികൾക്കും അനുയോജ്യമായരീതിയിൽ റോഡണോ എന്ന് ചോദിച്ചാൽ ആയിരുന്നു എന്നും, തോട് ആണോ എന്ന് ചോദിച്ചാൽ അതേടാ കൂവേ എന്നും, ഇനീ കുളമാണോ എന്ന് ചോദിച്ചാൽ നിനക്കെന്നാ കാണാൻ കണ്ണില്ലേ എന്നും ചോദിക്കാൻ പാകത്തിന് സംരക്ഷിച്ചു പോകുന്ന ജില്ലയിലെ മൂന്നു റോഡുകൾ.
1)കോഴഞ്ചേരി -ചെറുകോൽപ്പുഴ – റാന്നി
2)റാന്നി -ഒഴുവൻപാറ – ബംഗ്ലാം കടവ്
3) പത്തനംതിട്ട -കുമ്പഴ