KeralaNEWS

85 വർഷം പഴക്കമുള്ള മുന്നാധാരം കണ്ടെത്തി അവകാശ നിർണയം നടത്തണമെന്ന്; പോക്കുവരവ് സമയബന്ധിതമായി നടത്തി നൽകാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ:  പോക്കുവരവ് സമയബന്ധിതമായി നടത്തി നൽകാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പോക്കുവരവ് വൈകിയത് വസ്തു ഉടമ പരാതി നൽകിയപ്പോൾ 85 വർഷം പഴക്കമുള്ള മുന്നാധാരം കണ്ടെത്തി അവകാശ നിർണയം നടത്തണമെന്ന സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് തൃശൂർ വില്ലേജ് ഓഫീസർ  പോക്കുവരവ് മുടക്കിയെന്നാണ് ആരോപണം. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. പരാതിക്കാരിയായ തൃശൂർ പൂത്തോൾ കുറുവത്ത് വീട്ടിൽ കെ ആർ രശ്മിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ പോക്കുവരവ്  എത്രയും വേഗം നടത്തണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി തൃശൂർ വില്ലേജ് ഓഫീസർക്ക് ഉത്തരവ് നൽകി.

തൃശൂർ വില്ലേജ് ഓഫീസർമാരായിരുന്ന കെ ആർ രാകേഷ്, സി ദീപ, തഹസീർദാരായിരുന്ന നീലകണ്ഠൻ, 2022 സെപ്തംബർ 22- ന് കമ്മീഷനിൽ റിപ്പോർട്ട് നല്കിയ ഡപ്യൂട്ടി കളക്ടർ (എൽ. ആർ) എന്നിവരിൽ നിന്നും വിശദീകരണം വാങ്ങിയ ശേഷം ഇത്തരത്തിലുള്ള അഴിമതി പ്രവണത ഭാവിയിൽ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Signature-ad

സേവനാവകാശ നിയമ പ്രകാരവും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഒരു മാസത്തിനകം നടപടി സ്വീകരിച്ച ശേഷം ലാന്റ് റവന്യൂ കമ്മീഷണർ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. അവകാശ തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് ചട്ടം 172 (2) പ്രകാരം അധികാരമില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  ഉടമസ്ഥാവകാശ തർക്കങ്ങൾ  സിവിൽ  കോടതിയുടെ തീർപ്പിന് വിധേയമാണെന്ന് വിവിധ ഹൈക്കോടതി വിധികൾ ഉദ്ധരിച്ച് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  ഇക്കാര്യത്തിൽ അധികാര ദുർവിനിയോഗം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്  വില്ലേജ് ഓഫീസർ പ്രവർത്തിച്ചതെന്നും ഭൂരേഖാ തഹസീൽദാർ അധികാര ദുർവിനിയോഗം സംരക്ഷിക്കാൻ കൂട്ടുനിന്നുവെന്നും കമ്മീഷൻ നിരീക്ഷിച്ചു.

2021 ഡിസംബർ ഒൻപതിന് 1.51 ആർ സ്ഥലം ഓടത്ത് ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരിൽ നിന്ന് തീറ് വാങ്ങിയ പരാതിക്കാരിക്ക് തൃശൂർ വില്ലേജ് ഓഫീസർ മാസങ്ങൾ കഴിഞ്ഞിട്ടും പോക്ക് വരവ് നടത്തി നൽകിയില്ലെന്ന പരാതിയിലാണ് നടപടി. പോക്കുവരവ് എന്നത് സർക്കാരിന് നിലവിലെ കൈവശക്കാരിൽ നിന്നും ഭൂനികുതി ഈടാക്കാനുള്ള ഒരുപാധി മാത്രമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 

Back to top button
error: