KeralaNEWS

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍; മാലിന്യം തള്ളിയാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കും: മന്ത്രി രാജേഷ്

പാലക്കാട്: പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പുലർച്ചെയും പരിശോധനകൾ നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നും മാലിന്യം വലിച്ചെറിയൽ തടയുന്നതിനായി വ്യാപകമായി ക്യാമറകൾ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാംഘട്ട പ്രവർത്തന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാതയോരങ്ങളിൽ ബോട്ടിൽ ബൂത്തിന് പുറമെ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ”പൊതുസ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയോ സ്‌പോൺസർഷിപ്പ് വഴിയോ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കർശനമാക്കണം. വലിയതോതിൽ മാലിന്യം തള്ളുന്ന കല്യാണമണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, കാറ്ററിംഗ് സെന്ററുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പൂർണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളിൽ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന ഉടമകളുടെ യോഗം ഉടൻ തന്നെ വിളിച്ചു ചേർക്കണം. ചെറിയ കുടിവെള്ളക്കുപ്പികൾ, പേപ്പർ ഗ്ലാസുകൾ, പ്ലാസ്റ്റിക് സ്‌ട്രോ തുടങ്ങിയവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം.” നിരന്തര പരിശോധനയും കർശന നടപടിയും സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Signature-ad

വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിന് കൃത്യമായ ഇടവേളകൾ നിശ്ചയിക്കണമെന്നും എംബി രാജേഷ് പറഞ്ഞു. ”കൂടുതൽ മാലിന്യം ശേഖരിക്കുന്നതോടെ എം.സി.എഫുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടി വരും. എം.സി.എഫുകൾ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണം. മതിയായ എണ്ണം എം.സി.എഫുകൾ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങൾ താത്ക്കാലിക എം.സി.എഫുകൾ സ്ഥാപിക്കുകയോ എണ്ണം വർധിപ്പിക്കുകയോ വേണം. മാലിന്യശേഖരണത്തിലും യൂസർ ഫീ ശേഖരണത്തിലും പിന്നിൽ നിൽക്കുന്ന പഞ്ചായത്തുകളിൽ ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് ചുമതല നൽകണം. ഇവർ പ്രവർത്തന പുരോഗതി റിപ്പോർട്ട് തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടർക്ക് എല്ലാ ആഴ്ചയും സമർപ്പിക്കണം. വീട്ടുനികുതിയോടൊപ്പം യൂസർ ഫീ പിരിക്കാൻ സർക്കാർ ഉത്തരവുള്ളതിനാൽ മാലിന്യശേഖരണം 100 ശതമാനത്തിലെത്തിക്കാൻ ശ്രമം വേണം.” മാലിന്യശേഖരണത്തിന് കലണ്ടർ തയ്യാറാക്കി കൃത്യമായ ഇടവേളകളിൽ ഹരിതകർമ്മസേന മാലിന്യം ശേഖരിക്കണമെന്നും മന്ത്രി രാജേഷ് നിർദേശിച്ചു.

Back to top button
error: