KeralaNEWS

നിലമ്പൂരിൽ പുതിയ ടയർ ഫാക്ടറി; കോട്ടയത്ത് റബ്ബർ പാർക്ക്

മലപ്പുറം: നിലമ്പൂരില്‍ നിന്നുള്ള പുതിയ ടയര്‍ ബ്രാൻ്റായ സിറ്റ്‌കോ ടയറിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.25 കോടി രൂപ ചിലവിൽ 3 ഏക്കർ ഭൂമിയിൽ ഏറനാട് വിജയപുരത്ത് ആരംഭിച്ചിരിക്കുന്ന കമ്പനിയിൽ നിലവിൽ ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ ടയറുകളാണ് നിർമ്മിക്കുന്നത്.
മാനുഫാക്ചറിങ്ങ് മേഖലയിൽ കേരളത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭത്തിലൂടെ 200ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണ രംഗത്ത് കേരളത്തിൽ അനന്തമായ സാധ്യതകളാണുള്ളതെന്നും വ്യവസായ വകുപ്പ് ഇത്തരം ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുന്നവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിവരുന്നതെന്നും ഉത്ഘാടനം നിർവഹിക്കവേ മന്ത്രി പി രാജീവ് പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ വ്യവസായങ്ങളാരംഭിക്കുന്നതിനും തടസങ്ങളില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും ഇപ്പോൾ കേരളത്തിൽ സാധിക്കുന്നുണ്ട്. പുതിയ വ്യവസായ നയം പ്രകാരം റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് സർക്കാർ നൽകുന്നത്.
ഇതിന് പുറമെ1050 കോടി രൂപയുടെ റബ്ബർ പാർക്ക് കോട്ടയം ജില്ലയിലും ആരംഭിക്കുന്നുണ്ട്. ഇതിൻ്റെ കൂടി ഭാഗമായി ടയര്‍ നിര്‍മാണ, വിപണന രംഗങ്ങളിലും മാറ്റമുണ്ടാകുന്നു എന്നാണ് പുതിയ ടയർ കമ്പനി സൂചിപ്പിക്കുന്നത്. ഗുണമേന്മയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ സിറ്റ്‌കോ ടയറില്‍ നിന്നും വിപണിയിലെത്തട്ടെ എന്ന് ആശംസിക്കുന്നു. കൂടുതൽ കമ്പനികൾക്ക് കേരളത്തിലേക്ക് കടന്നുവരാൻ പ്രോത്സാഹനമാകട്ടെയെന്നും ആശംസിക്കുന്നതായി മന്ത്രി പറഞ്ഞു.

Back to top button
error: