കാസര്‍കോട്: മുളിയാര്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ ഇക്കുറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരം. മുസ്ലിം ലീഗിലെ നാല് പേരും മത്സര രംഗത്തുണ്ട്. മത്സരം ഒഴിവാക്കുന്നതിനായി ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ നടത്തിയ പല വട്ട ശ്രമങ്ങളും വിഫലമായി. ഇതോടെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നത് വ്യക്തമായി. 11 അംഗ ഭരണ സമിതിയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റില്‍ മത്സരമില്ല. ഒരാള്‍ മാത്രമാണ് പത്രിക നല്‍കിയത്. പൊതു വിഭാഗത്തില്‍ ആറ് പേര്‍ വേണ്ടിടത്ത് 13 പേരും നിക്ഷേപകരുടെ വിഭാഗത്തില്‍ രണ്ടു പേരും വനിതകള്‍ക്കായി സംവരണം ചെയ്ത മൂന്ന് സീറ്റില്‍ നാലുപേരും മത്സര രംഗത്തുണ്ട്.
കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ടി ഗോപിനാഥന്‍ നായരാണ് നിലവില്‍ ബാങ്ക് പ്രസിഡന്റ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലില്‍ പൊതു വിഭാഗത്തില്‍ ഗോപിനാഥന്‍ നായര്‍, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബിസി കുമാരന്‍, കെപി ബാലചന്ദ്രന്‍ നായര്‍, കെ രാമപ്രസാദ്, പി രാധാകൃഷ്ണന്‍, സി സനല്‍കുമാര്‍, നിക്ഷേപകര്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ ടി കുഞ്ഞിക്കണ്ണനും വനിതാ സീറ്റുകളില്‍ എം ശോഭ, സി ഗീത, ബി യശോദ എന്നിവരും പട്ടികജാതി/വര്‍ഗ സീറ്റിലേക്ക് ശങ്കരന്‍ ബി പൂവാളയുമാണ് ഇടം പിടിച്ചത്.
ഇതില്‍ ശങ്കരന് പൂവാളയ്ക്ക് എതിരില്ല. ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. പി രാമചന്ദ്രന്‍ നായര്‍, കെ ദാമോദരന്‍നായര്‍, എം സത്യനാഥന്‍ നമ്പ്യാര്‍, എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെപി പ്രസന്നന്‍ എന്നിവരാണ് കോണ്‍ഗ്രസ് റിബലുകള്‍. പ്രമുഖ സ്വാതന്ത്യ സമര സേനാനിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 1952-ല്‍ പിറവിയെടുത്ത ഐക്യനാണയ സംഘമാണ് പിന്നാട് ബാങ്കായി മാറിയത്. മേലത്ത് നാരായണന്‍ നമ്പ്യാരുടെ മകനാണ് റിബലായി രംഗത്തുള്ള അഡ്വ. പി രാമചന്ദ്രന്‍ നായര്‍.
മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ബിഎം അബൂബക്കര്‍, ബിഎം മുഹമ്മദ് അഷറഫ്, ഹാരീസ്, പി ആയിഷ എന്നിവരും മത്സരരംഗത്തുണ്ട്. 2018-ലെ തിരഞ്ഞെടുപ്പില്‍ ഡിസിസി അംഗീകരിച്ചിരുന്ന പാനലിനെതിരെ റിബലായി രംഗത്തുണ്ടായിരുന്നവരാണ് വന്‍ വിജയം നേടിയത്. അഡ്വ. പി രാമചന്ദ്രന്‍ നായര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 11 അംഗ ഭരണ സമിതിയിലെ 10 പേരും അവിശ്വാസം രേഖപ്പെടുത്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. അഡ്വ. പി രാമചന്ദ്രന്‍ നായര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ടി ഗോപിനാഥന്‍ നായര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗീകരിച്ചവരെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥികളാക്കിയതെന്നും തിരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ പറഞ്ഞു. യുഡിഎഫ് അനുകൂലികള്‍ക്ക് മാത്രമാണ് ബാങ്കില്‍ അംഗത്വം നല്‍കുന്നതെന്നും പ്രതിഷേധമെന്ന നിലയിലാണ് പത്രിക നല്‍കാതിരുന്നതെന്നും സിപിഎം ഏരിയ സെക്രട്ടറി എം മാധവന്‍ പറഞ്ഞു. ബാങ്ക് തിരഞ്ഞെടുപ്പില്‍ 4628 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 17ന് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാനത്തൂര്‍ സര്‍വ്വോദയ വായനശാല ഹാളിലാണ് വോട്ടെടുപ്പ് നടക്കുകയെന്ന് വരണാധികാരിയായ സഹകരണ സംഘം സീനിയര്‍ ഇന്‍സ്പെക്ടര്‍ എം മണികണ്ഠന്‍ പറഞ്ഞു.