KeralaNEWS

എര്‍ലോട്ടുകുന്നിനെ വിറപ്പിച്ച കടുവ കൂട്ടിലായി; ഭീതി വിതച്ചത് ഒരാഴ്ച

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തിലെ എറളോട്ടുകുന്നിനെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പ്രദേശത്ത് ആദ്യം സ്ഥാപിച്ച കോഴിഫാമിന് സമീപത്തെ കൂട്ടില്‍ കടുവ കുടുങ്ങിയത്. കടുവയെ ഉടന്‍ തന്നെ പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രദേശത്ത് 14 നിരീക്ഷണ ക്യാമറകളും രണ്ട് കൂടുകളും സ്ഥാപിച്ചുകൊണ്ട് കടുവയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയായിരുന്നു. ആദ്യ കൂട് സ്ഥാപിക്കാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന്, ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് കൂട് സ്ഥാപിക്കാനുള്ള ഉത്തരവ് വന്നത്. ഇതോടെ വെള്ളിയാഴ്ച തന്നെ ആദ്യ കൂട് സ്ഥാപിച്ചു. ഇതിന് പിന്നാലെ ശനിയാഴ്ച രണ്ടാമത്തെ കൂടും സ്ഥാപിച്ചു. കടുവയുടെ സഞ്ചാരപഥം സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു കൂടുകള്‍ സ്ഥാപിച്ചത്. കടുവയെ പലരും നേരിട്ട് കണ്ടതോടെ പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ടു കഴിയുകയായിരുന്നു പ്രദേശവാസികള്‍.

Signature-ad

ശക്തമായ കാവലും നീരീക്ഷണവുമാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഒരാഴ്ചയായി കടുവാഭീതി നിലനില്‍ക്കുന്നതിനാല്‍ ആര്‍ആര്‍ടി ജീവനക്കാരും മറ്റു ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നെത്തിയ ജീവനക്കാരും തിരച്ചിലിലും കാവലിനുമുണ്ടായിരുന്നു. ഒരാഴ്ചക്കിടെ ഒരു മൂരിയെ കൊല്ലുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കടുവ നൂറോളം കോഴികളെയും രണ്ട് നായ്ക്കളെ കൊന്നുതിന്നുകയും ചെയ്തിരുന്നു. ഒരു നാടിനെയൊന്നാകെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് വിരാമമായിരിക്കുകയാണ്.

 

Back to top button
error: