കൊച്ചി: പൂച്ചകളെ ബാധിക്കുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ രോഗം പടര്‍ന്നുപിടിക്കുന്നതായി കണ്ടെത്തല്‍. കൊച്ചി നഗരത്തിലുള്‍പ്പെടെ നിരവധി പൂച്ചകള്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്.
രണ്ട് മുതല്‍ അഞ്ച് ദിവസം വരെയാണ് ഈ അസുഖത്തിന്റെ കാലാവധി. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ ഫെലൈന്‍ പാന്‍ലൂക്കോപീനിയയ്ക്ക് ഒപ്പം തന്നെ വൈറല്‍ പനിയും പടരുന്നുണ്ട്. ജലദോഷം, പനി, ആഹാരം കഴിക്കാതിരിക്കുക. തളര്‍ച്ച, മന്ദത, വിറയല്‍, ചൂട്,? വയറിളക്കം എന്നിവയാണ് രണ്ടിന്റെയും ലക്ഷണങ്ങള്‍.
സംശയം തോന്നിയാല്‍ ഫൈലൈന്‍ പാന്‍ലൂക്കോപീനിയ സ്ഥിരീകരിക്കുന്നതിന് എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലാബില്‍ പരിശോധിക്കും. സ്ഥിരീകരിച്ചാല്‍ ഫെലിജന്‍ സി.ആര്‍.പി വാക്‌സിനെടുക്കണം. ഇതിന് 600- 700 രൂപ വരെ ചെലവ് വരും. അല്ലെങ്കില്‍ രോഗത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കും. എല്ലാത്തരം പൂച്ചകളിലും അസുഖം വരാം.
ലക്ഷണങ്ങള്‍ ഉള്ള പൂച്ചകളെ മറ്റ് പൂച്ചകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.പൂച്ചകള്‍ തുമ്മുമ്പോഴും പരസ്പരം അടുത്ത് ഇടപെഴകുമ്പോഴുമാണ് രോഗം പകരുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും അധികൃതര്‍ പറഞ്ഞു.