തൃശ്ശൂര്‍: കണിമംഗലത്ത് ഗുണ്ടാത്തലവനെ കുത്തിക്കൊന്ന സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പൂത്തോള്‍ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുണാമയന്‍ എന്ന വിഷ്ണു(25)വിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളത്. വിഷ്ണുവിനെ കുത്തിക്കൊന്നയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വിഷ്ണുവും ഇയാളും തമ്മില്‍ ഒരാഴ്ച മുന്‍പ് ചില തര്‍ക്കങ്ങളുണ്ടായെന്നാണ് വിവരം. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം വിഷ്ണുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്നും പറയുന്നു.
ബുധനാഴ്ച വൈകിട്ട് കണിമംഗലം മങ്കുഴി പാലം കഴിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപമാണ് കുത്തേറ്റനിലയില്‍ വിഷ്ണുവിനെ കണ്ടെത്തിയത്. കുത്തേറ്റ നിലയില്‍ കണ്ടെത്തുമ്പോള്‍ വിഷ്ണുവിന് ജീവനുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. കഴുത്തിനു താഴെ നെഞ്ചിനു മുകളിലായാണ് മുറിവ്. നെഞ്ചില്‍ ഒരൊറ്റ കുത്ത് മാത്രമാണുണ്ടായിരുന്നത്.
അതേസമയം, അപകടം സംഭവിച്ചെന്ന് പറഞ്ഞാണ് മൂന്നുപേര്‍ വിഷ്ണുവിനെ കഴിഞ്ഞദിവസം എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചത്. വെളുത്തനിറത്തിലുള്ള കാറിലാണ് ഇവര്‍ ആശുപത്രിയില്‍ വന്നത്. ഇവരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.
കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നു. ഏപ്രിലിലാണ് തിരിച്ചെത്തിയത്. അതുവരെ മംഗലാപുരത്തും മറ്റുമാണ് താമസിച്ചിരുന്നത്. നെടുപുഴ സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ടാണ് കാപ്പ ചുമത്തിയത്. വെസ്റ്റ് സ്റ്റേഷനിലും വിഷ്ണുവിന്റെ പേരില്‍ കേസ് ഉണ്ട്.