കേരളത്തിൽ വീണ്ടും താപനില കുതിച്ചുയരുന്നു. കാലവര്‍ഷം ദുര്‍ബലമായി തുടര്‍ന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയര്‍ന്നത്.സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, സാധാരണ താപനിലയില്‍ നിന്നും 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് ഉയരുക. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 6 ജില്ലകള്‍ക്കാണ് ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം ജില്ലയില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് താപനില ഉയരുക.
പൊതുജനങ്ങള്‍ പകല്‍ 11:00 മണി മുതല്‍ വൈകിട്ട് 3:00 മണി വരെയുള്ള സമയത്ത് ഏറെനേരം വെയില് കൊള്ളുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.