SportsTRENDING

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്‍റെ ഒരുക്കങ്ങൾ തകൃതി; പരിശീലനം ബെംഗളൂരുവിൽ

ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിന്‍റെ ഒരുക്കങ്ങൾ തകൃതി. ബെംഗളൂരുവിലാണ് ടീമിന്‍റെ പരിശീലനം. പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് പുരോഗതി ഇതുവരെ തൃപ്‌തികരമാണ് എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്ന രാഹുല്‍ വിക്കറ്റ് കീപ്പിംഗ് ഡ്രില്ലുകള്‍ തുടങ്ങിയിട്ടുണ്ട്. രാഹുലിന്‍റെ ബാറ്റിംഗില്‍ യാതൊരു ആശങ്കകളും ഇതുവരെയില്ല.

ഏഷ്യാ കപ്പിനും പിന്നാലെയെത്തുന്ന ഏകദിന ലോകകപ്പിനുമായി കഠിന പരിശീലനത്തിലാണ് ടീം ഇന്ത്യ. ആറ് ദിവസത്തെ സ്പെഷ്യൽ ക്യാമ്പാണ് ബെംഗളൂരുവില്‍ പുരോഗമിക്കുന്നത്. ദിവസവും ആറ് മണിക്കൂറിലധികം നീളുന്ന പരിശീലനം. ജോഡികളായി ഒരു മണിക്കൂര്‍ വീതം ബാറ്റ് ചെയ്തു ബാറ്റര്‍മാരെല്ലാം. ഇടംകയ്യൻ പേസര്‍മാരെ നേരിടാനാണ് ക്യാപറ്റൻ രോഹിത് ശര്‍മ്മ കൂടുതൽ സമയം ചെലവഴിച്ചത്. വിരാട് കോലിയുടെ ശ്രദ്ധ സ്പിന്നര്‍മാരെ നേരിടുന്നതിലായിരുന്നു. ശ്രേയസ് അയ്യരും കെ എൽ രാഹുലും ശുഭ്മാൻ ഗില്ലുമെല്ലാം നല്ല ടച്ചിലായിരുന്നു. ഉമ്രാൻ മാലിക്, യാഷ് ദൾ, തുഷാര്‍ പാണ്ഡെ തുടങ്ങിയ മുൻനിര ബൗളര്‍മാര്‍ തന്നെയാണ് നെറ്റ് ബൗളര്‍മാരായുണ്ടായിരുന്നത്. വിക്കറ്റ് കീപ്പിംഗ് പരിശീലനത്തിനും കെ എൽ രാഹുൽ ഏറെ നേരം ചെലവഴിച്ചു. ക്യാമ്പിന് പിന്നാലെ ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് തിരിക്കും.

Signature-ad

സെപ്റ്റംബര്‍ 2ന് പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് പോരാട്ടത്തിന് തുടക്കമാവുക. തിങ്കളാഴ്‌ചത്തെ പരിശീലന സെഷനില്‍ കെ എല്‍ രാഹുല്‍ കൂടുതല്‍ നേരം വിക്കറ്റ് കീപ്പിംഗില്‍ ശ്രദ്ധിക്കും. അയര്‍ലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയുടെ ഭാഗമായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങള്‍ തിങ്കളാഴ്‌ച പരിശീലന ക്യാമ്പിനൊപ്പം ചേരും.

Back to top button
error: