KeralaNEWS

കുതിരാൻ തുരങ്കനിര്‍മാണത്തില്‍ അപാകത: സിബിഐ അന്വേഷണം ആരംഭിച്ചു

തൃശൂർ:കുതിരാന്‍ തുരങ്ക നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെത്തുടർന്ന് സി.ബി.ഐ അന്വേഷണം തുടങ്ങി. കഴിഞ്ഞ മഴക്ക് തുരങ്കത്തില്‍ ചോര്‍ച്ചയുണ്ടായത്  നിര്‍മാണത്തിലെ അപാകതയാണെന്ന് ചൂണ്ടിക്കാട്ടി നേര്‍ക്കാഴ്ച അസോസിയേഷൻ സെക്രട്ടറി പി ബി സതീഷ് നല്‍കിയ പരാതിയിലാണ് സി.ബി.ഐ നടപടി.

സതീഷിനെ കഴിഞ്ഞ ദിവസം കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സ്ഥലത്തെത്തിയുള്ള പരിശോധന അടുത്ത ദിവസമുണ്ടാകുമെന്ന് പരാതിക്കാരനെ സി.ബി.ഐ അറിയിച്ചു. കുതിരാൻ തുരങ്കനിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അന്വേഷണം തുടങ്ങിയിരുന്നു.

കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെയാണ് തുരങ്കവും ദേശീയപാത നിര്‍മാണവും നടത്തിയതെന്ന് ഹൈക്കോടതി നിയോഗിച്ച കമീഷൻ കണ്ടെത്തിയിരുന്നു. 230 കോടിക്കാണ് തുരങ്ക നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. പരിസ്ഥിതി ആഘാതമുണ്ടാക്കാതെ ടണല്‍ ബോറിങ് മെഷീൻ ഉപയോഗിച്ച്‌ മല തുരന്ന് തുരങ്കം നിര്‍മിക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ കോടതി, കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളും വനം-പരിസ്ഥിതി നിയമങ്ങളും നഗ്നമായി ലംഘിച്ച്‌ പാറ പൊട്ടിച്ചെടുത്തായിരുന്നു തുരങ്ക നിര്‍മാണം.

Signature-ad

സ്ഫോടനങ്ങള്‍ നടത്തിയതില്‍ അഞ്ച് കിലോമീറ്റര്‍ അകലെവരെ വീടുകൾ കുലുങ്ങി. വീടുകള്‍ക്കടക്കം വൻ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയും തുടര്‍ന്ന് മൂന്നര കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെയടക്കം രേഖകളും നിര്‍മാണഘട്ടങ്ങളുടെ ദൃശ്യങ്ങള്‍ അടക്കമുള്ളവയും പരാതിക്കാരൻ സി.ബി.ഐക്ക് കൈമാറി.

തുരങ്കത്തിന്റെ സുരക്ഷ മാനദണ്ഡങ്ങളും തുറന്നുനല്‍കാനുള്ള അനുബന്ധ സുരക്ഷ പരിശോധന റിപ്പോര്‍ട്ടും നിര്‍മാണത്തിന്റെ കരാര്‍ വ്യവസ്ഥകളും വിദഗ്ധ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള സതീഷിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുന്നത്.

Back to top button
error: