മണിപ്പൂര്‍ കലാപം ഗോത്രവര്‍ഗ കലാപം എന്നു പറഞ്ഞ് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യയുടെ പ്രതിനിധി റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍. മെയ്തികള്‍ ഗോത്രവര്‍ഗത്തില്‍ പെടുന്നവരല്ല, അവര്‍ ബ്രാഹ്മണരും ക്ഷത്രീയരും പട്ടികജാതി വിഭാഗക്കാരും ഉള്‍പെടുന്ന ഒരു സമൂഹവുമാണ്. കുക്കികള്‍ അധിവസിക്കുന്ന പ്രദേശത്ത് പെട്രോളിയം- വജ്ര ശേഖരങ്ങള്‍ ഉണ്ടന്ന് പഠനത്തിലൂടെ കണ്ടെത്തിയപ്പോള്‍ ആ പ്രദേശം വന്‍കിട കംപനികള്‍ക്ക് കൈക്കലാക്കാന്‍ അവസരം കൊടുക്കാനും അതു വഴി സാമ്പത്തിക നേട്ടം കൈവശമാക്കാനും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് മണിപ്പൂര്‍ കലാപം ഉടലെടുത്തതെന്നും റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ കൂട്ടിച്ചേര്‍ത്തു.
മണിപ്പൂര്‍ കലാപ മേഖല പല തവണ സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് റവ. ഡോ.ജോണ്‍സണ്‍ തേക്കടയില്‍. സി.വൈ.എമിന്റെ നേതൃത്വത്തില്‍ മാവേലിക്കര തഴക്കര മര്‍ത്തോമ പള്ളി അങ്കണത്തില്‍ നടത്തിയ മണിപ്പൂര്‍ ഒരു നേര്‍ക്കാഴ്ച എന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു – ക്രിസ്ത്യന്‍ കലപമല്ലായിരുന്നു അവിടെ, മറിച്ചു രണ്ടു ഭീകര സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കു നേരേ നടത്തിയ ഭീകരാക്രമണം ആയിരുന്നു അവിടെ നടന്നത്. അതുകൊണ്ടു തന്നെയാണ് മെയ്തി ഭൂരിപക്ഷ മേഖലയിലേയും പള്ളികള്‍ തകര്‍ക്കപ്പെട്ടത്. മുഖ്യമന്ത്രി ബീരേന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള അരംകായി താങ്കോള്‍ എന്ന ഭീകര സംഘടനക്കും മെയ്തി ലീപൂണ്‍ എന്ന ഒരു ഭീകര സംഘടനക്കും മണിപ്പൂര്‍ പൊലീസ് കൈമാറിയ 4000 തോക്കുകള്‍ തോക്കുകള്‍, ഭീകര സംഘടനാനൂകൂലികള്‍ തട്ടിയെടുത്തെന്ന് വെറും വാര്‍ത്ത മാത്രമാണ്. മറിച്ച് ആ ആയുധങ്ങള്‍ പൊലീസ്, ഭീകരര്‍ക്ക് കൈമാറുകയായിരുന്നു. ആ ആയുധങ്ങള്‍ അവരുടെ കൈകളിലെത്തിയപ്പോള്‍ മണിപ്പൂരില്‍ കലപകാരികള്‍ സംഹാര താണ്ഡവമാടുകയായിരുന്നുവെന്നും ഡോ. ജോണ്‍സണ്‍ തേക്കടയില്‍ പറഞ്ഞു.
സി.വൈ.എം മുഖ്യരക്ഷാധികാരി തോമസ് സി കുറ്റിശ്ശേരിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാര്‍ഥനാ സംഗമം തഴക്കര മര്‍ത്തോമാ പള്ളി വികാരി റവ. തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫാ.ജേക്കബ് ജോണ്‍, ഫാ. അജി കെ തോമസ് ഫാ. ജോണ്‍ ജേക്കബ്, റവ. മാത്യു ഫിലിപ്പ് ഫാ. സന്തോഷ് വി ജോര്‍ജ്, പാസ്റ്റര്‍ മോനി ചെന്നിത്തല, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ജോണ്‍ പി കോട്ടൂര്‍ കുറ്റിയില്‍ , സജി തെക്കേത്തലക്കല്‍, ജോയി ജോര്‍ജ്, തുടങ്ങിയവര്‍ സംസാരിച്ചു.