രാജ്യത്ത് പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 നാണ് അവസാനിച്ചത്. ജൂൺ 30 നുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, പ്രവർത്തനരഹിതമായ പാൻ എന്നത് ഒരു വ്യക്തിക്ക് പാൻ കാർഡ് ഇല്ലാത്തതിന് തുല്യമാണ്. അതുകൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും, ബാങ്ക് എഫ്‌ഡികളിൽ പണം നിക്ഷേപിക്കുന്നതിനുമുൾപ്പെടെ പാൻ നിർബന്ധമായി ആവശ്യമുള്ളിടത്തെല്ലാം പ്രവർത്തന രഹിതമായ പാൻ കൊണ്ടു യാതൊരു പ്രയോജനമുണ്ടാകില്ലെന്ന് മാത്രമല്ല, മേൽപ്പറഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്താനും കഴിയില്ല.
എന്നാൽ പാൻ പ്രവർത്തനരഹിതമായാൽ, ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ചുൾപ്പെടെ പലർക്കും സംശയങ്ങളും ചോദ്യങ്ങളുമുണ്ടായേക്കാം. ഉദാഹരണത്തിന്, പ്രവർത്തനരഹിതമായ പാൻ കാർഡുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യാൻ സാധിക്കുമോ? ആ വ്യക്തിയുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തെ ബാധിക്കുമോ തുടങ്ങിയ നിരവധി സംശയങ്ങളുയരുന്നുണ്ട്.
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, അത്തരം പാൻ പ്രവർത്തനരഹിതമായി കണക്കാക്കുകതന്നെ ചെയ്യും. എന്നാൽ പ്രവർത്തനരഹിതമായ പാൻ ആണെങ്കിൽപ്പോലും മാസ ശമ്പളം ലഭിക്കാനുണ്ടെങ്കിൽ, അതത് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് തുടരുമെന്നാണ് സാമ്പത്തികവിദഗധർ നൽകുന്ന മറുപടി. എന്നാൽ ചില സന്ദർഭങ്ങളിൽ ബാങ്കിൽ നിന്ന് പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് കാലതാമസം ഉണ്ടാകാനിടയുണ്ടെന്നും സാമ്പത്തികവിദഗ്ധർ വിശദീകരിക്കുന്നു. മാത്രമല്ല പ്രവർത്തനരഹിതമായ പാൻകാർഡ് ഉള്ളവർക്ക് ഇന്റർനാഷണൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനോ , വിദേശത്തേയ്ക്ക് പണം അയയ്ക്കുവാനോ കഴിയില്ല.