മഞ്ചേരി: 17 കാരനായ മകനെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ച പിതാവിനെ മഞ്ചേരി ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി രണ്ട് വർഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവാലി പുന്നപ്പാല കുന്നുമ്മൽ സുരേഷിനെയാണ് (50) ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 2022 ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുന്ന അച്ഛനെ അനുനയിക്കാനെത്തിയതായിരുന്നു മകൻ. മകന്റെ പ്രവൃത്തിയിൽ അതൃപ്തി തോന്നിയ സുരേഷ് കത്തിയെടുത്ത് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. വണ്ടൂർ പൊലീസ് സബ് ഇൻസ്പെക്ടർ പി രവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി ഹാജറായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി വാസു 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സബിത ഓളക്കലായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫിസർ. ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതിനാൽ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.