KeralaNEWS

”പൊതുപ്രവര്‍ത്തനത്തില്‍നിന്ന് മാറിയേക്കും; പുതുപ്പളളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്”

കോഴിക്കോട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് സൂചന നല്‍കി കെ.മുരളീധരന്‍ എംപി. പുതുപ്പളളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കെ.കരുണാകരന്‍ സ്മാരക നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ ആറാം തീയതിക്കു ശേഷം വ്യക്തമാക്കാം എന്നും കെ. മുരളിധരന്‍ പറഞ്ഞു. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരാംഗമാക്കാത്തതിലുള്ള കടുത്ത അമര്‍ഷത്തിലാണ് രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയുമെന്ന് ചെന്നിത്തിലയും വ്യക്തമാക്കിയിരുന്നു. അതൃപ്തി മാധ്യമ സൃഷ്ടിയെന്ന നേതാക്കളുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ചെന്നിത്തല ഉള്ളിലെ അമര്‍ഷം പുറത്തുകാണിക്കുന്നത്. അനുനയത്തിനായി വിളിച്ച നേതാക്കളോടും ഇപ്പോള്‍ പൊട്ടിത്തെറിക്കാത്തതിന്റെ കാരണമായി പറഞ്ഞതും പുതുപ്പള്ളി തെരഞ്ഞെടുപ്പ്.

Signature-ad

സീനിയോറിറ്റി പരിഗണിച്ചില്ല. സാമുദായിക സന്തുലനം തെറ്റുമെങ്കില്‍ എന്ത് കൊണ്ട് തരൂരിനെ സ്ഥിരം ക്ഷണിതാവാക്കി തന്നെ അംഗമാക്കിയില്ല എന്നൊക്കെയാണ് പരാതി. നിരന്തരം ഹൈക്കമാന്‍ഡ് അവഹേളിക്കുന്നുവെന്നാണ് ചെന്നിത്തല എടുത്തുപറയുന്നത്. സി.ഡബ്ല്യു.സി. വഴി സംസ്ഥാന കോണ്‍ഗ്രസ്സില്‍ ശക്തനാകാനുള്ള ചെന്നിത്തലയുടെ മോഹം പൊലിഞ്ഞതില്‍ ചില നേതാക്കള്‍ക്ക് ഉള്ളില്‍ സന്തോഷമുണ്ട്. പക്ഷെ ചെന്നിത്തലയോട് നീതികാട്ടിയില്ലെന്ന അഭിപ്രായക്കാരുമുണ്ട്

ചില സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയുള്ള പരിഹാര നീക്കമുണ്ടെങ്കിലും തല്‍ക്കാലം ചെന്നിത്തല കൈ കൊടുക്കാനില്ല. അതൃപ്തനെങ്കിലും എന്ത് തുടര്‍നീക്കമെന്നത് ചെന്നിത്തലക്ക് മുന്നിലെ വെല്ലുവിളിയാണ്. പരസ്യകലാപത്തിലേക്ക് പോയാല്‍ സംസ്ഥാനത്ത് പിന്തുണ എത്രമാത്രമെന്നതും പ്രശ്‌നം, ലോക്‌സഭാ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്തുള്ള പട്ടികയെന്ന വിലയിരുത്തല്‍ ദേശീയ തലത്തില്‍ വരുമ്പോഴുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ ഭാവിയാണ് പ്രശ്‌നം.

 

 

 

 

 

 

Back to top button
error: