മിയാമിയിലെ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ മൂന്നര വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നും 3.1 കോടി പറ്റിച്ചതാണ് കേസ്. തീർന്നില്ല, ആ തുക ആഡംബര അപാർട്‍മെന്റിനും ബെന്റ്ലിക്കും പ്ലാസ്റ്റിക് സർജറികൾക്കും വേണ്ടി അവൾ ചെലവഴിക്കുകയും ചെയ്തു.
മൂന്ന് കുട്ടികളുടെ അമ്മയായ ഡാനിയേല റെൻഡൻ എന്ന സ്ത്രീയാണ് ഇങ്ങനെ ഒരു വൻതട്ടിപ്പ് നടത്തിയത്. എന്തായാലും ശിക്ഷ വിധിക്കുന്ന സമയത്ത് കോടതിയിൽ തന്റെ തെറ്റ് ഡാനിയേല സമ്മതിച്ചിട്ടുണ്ട്. തന്റെ അത്യാഗ്രഹം കൊണ്ടാണ് താൻ അങ്ങനെ ചെയ്തത് എന്നാണ് ഡാനിയേല കോടതിയിൽ പറഞ്ഞത്. ആ സമയത്ത് ഒരുപാട് പേർ ഇതുപോലെ കൊവിഡ് റിലീഫ് ഫണ്ട് മറ്റ് പല കാര്യങ്ങൾക്കും വേണ്ടി നേടിയെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നും, അതുകൊണ്ടാണ് താനും അങ്ങനെ ഒരു കാര്യം ചെയ്തത് എന്നും ഡാനിയേല കോടതിയിൽ പറഞ്ഞത്രെ.
അതുപോലെ, ‘തിരിഞ്ഞ് നോക്കുമ്പോൾ തനിക്ക് കുറ്റബോധമുണ്ട്. പലർക്കും കിട്ടേണ്ടിയിരുന്ന തുകയാണ് താൻ കൈക്കലാക്കിയത്. അത്യാഗ്രഹം കൊണ്ടാണ് എന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കാൻ സാധിക്കില്ല. ചെയ്തതിൽ ഖേദിക്കുന്നു’ എന്നും ഡാനിയേല പറഞ്ഞു. യുഎസ് ജില്ലാ ജഡ്ജി കെ. മൈക്കൽ മൂർ അവളുടെ കുറ്റബോധത്തെയും അവൾ സമർപ്പിച്ച സ്വന്തം പശ്ചാത്താപം തുറന്ന് പറയുന്ന 30 പേജുള്ള വിശദീകരണത്തെയും അഭിനന്ദിച്ചു. അതിനാൽ തന്നെ ഏറ്റവും കുറഞ്ഞ തടവുശിക്ഷയാണ് ഡാനിയേലയ്ക്ക് വിധിച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് തകർന്നുപോയ ബിസിനസുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നുമാണ് ഡാനിയേല പണം കൈക്കലാക്കി ആഡംബര അപാർട്‍മെന്റ് വാടകയ്ക്കെടുക്കാനും മറ്റും വേണ്ടി ചെലവഴിച്ചത്. നിരവധി പേരാണ് ഇതുപോലെ അവിടെ കൊവിഡ് റിലീഫ് ഫണ്ടുകൾ കൈക്കലാക്കി മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചത്. ഇപ്പോൾ അത് കണ്ടെത്താനും നടപടികൾ സ്വീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.