KeralaNEWS

കണ്ണൂരില്‍ ബൈക്കപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്, ഒരാളുടെ പോക്കറ്റില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

   മാരകമയക്കു മരുന്നുകൾ ഉപയോഗിച്ച ശേഷം വാഹനങ്ങളിൽ ചീറിപ്പായുന്നവരെ കാത്തിരിക്കുന്നത് മരണമാണെന്ന് ഓരോ ദിവസവും  നടക്കുന്ന അപകട മരണങ്ങൾ വ്യക്തമാക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിക്ക് കണ്ണൂര്‍ തളാപ്പില്‍ എ.കെ.ജി ആശുപത്രിക്ക് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട്ടെ യുവാക്കള്‍ മരിച്ച സംഭവത്തിലും വഴിത്തിരിവ്. യുവാക്കളില്‍ ഒരാളുടെ പോക്കറ്റില്‍ നിന്ന് എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ലത്തീഫിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ലത്തീഫ് (23), സുഹൃത്ത് മനാഫ് (24) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ ഇരുവരും തത്ക്ഷണം മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇതോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൊലീസ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ടം നടപടികള്‍ നടത്തിയത്.

Signature-ad

മരിച്ച യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ, എന്തിനാണ് ഇവര്‍ തലശേരി ഭാഗത്തേക്ക് വന്നത് എന്നതടക്കമുള്ള കാര്യങ്ങളും മൊബൈല്‍ ഫോണും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അപകടത്തില്‍ പെട്ട യുവാക്കള്‍ക്ക് മുന്‍പിലായി മറ്റൊരു ബൈകില്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്നതായും അപകട വിവരം അറിഞ്ഞു ഇവര്‍ എകെജി ആശുപത്രിയില്‍ എത്തുകയും ഇവിടെ ഉണ്ടായിരുന്ന പൊലീസുകാരോട് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ മുങ്ങുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ യുവാക്കളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അതേസമയം അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഇസാഹുദ്ദീനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Back to top button
error: