KeralaNEWS

കേസെടുത്തില്ല ; യുവാവ് പോലീസ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നുകളഞ്ഞു

തിരുവനന്തപുരം:മര്‍ദനമേറ്റ് പരിക്കുകളുമായി പരാതി പറയാൻ എത്തിയ യുവാവ് പോലീസ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നുകളഞ്ഞു.അമ്ബൂരി സ്വദേശി നോബി തോമസാണ്(40) വെള്ളറട പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് പൂട്ടിയത്.

ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അമ്ബൂരിയില്‍ വച്ച്‌ രണ്ടുപേര്‍ തന്നെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചുവെന്ന പരാതി പറയാനായി ശനിയാഴ്ച രാവിലെ നോബി വെള്ളറട പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയില്‍ ചികിത്സതേടാൻ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

Signature-ad

എന്നാല്‍, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയില്‍ പോലീസുകാര്‍ കൂടി വരണമെന്നും ഇയാള്‍ പറഞ്ഞു.ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ പോകാൻ പോലീസ് നോബിയോടു പറഞ്ഞെങ്കിലും ഇതു വകവയ്‌ക്കാതെ റോഡിലെത്തിയ ഇയാള്‍ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കില്‍ ആശുപത്രിയിലേക്കു പോയി. പിന്നീട് വൈകീട്ടോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ ഇയാള്‍ പുതിയ താഴ് ഉപയോഗിച്ച്‌ സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് പൂട്ടിയശേഷം ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

അരമണിക്കൂറോളം ഗേറ്റ് അടഞ്ഞുകിടന്നതിനാല്‍ സ്‌റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പോലീസുകാര്‍ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പോലീസുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍തന്നെ ചുറ്റിക ഉപയോഗിച്ച്‌ താഴ് തകർക്കുകയായിരുന്നു.

Back to top button
error: