പരാജയങ്ങളിൽ തകർന്നു പോകരുത്, പരിശ്രമങ്ങൾ ഒടുവിൽ വിജയത്തിലെത്തിക്കും
വെളിച്ചം
അയാൾ വിവാഹ ശേഷം ഭാര്യയോടൊപ്പം ദൂരെയുള്ള ഒരു നഗരത്തില്‍ താമസമാക്കി. പുതിയസ്ഥലത്ത് അയാള്‍ ജോലി തേടി. അങ്ങനെ ഒരു സ്‌കൂളില്‍ ജോലികിട്ടി. പക്ഷേ, അധ്യാപനത്തിലെ പരിചയക്കുറവ് കാരണം അയാള്‍ക്ക് ആ ജോലി നഷ്ടപ്പെട്ടു. അയാള്‍ വീട്ടിലെത്തി സങ്കടത്തോടെ ഭാര്യയോട് ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞു. ഭാര്യ അയാളെ ആശ്വസിപ്പിച്ചു:
“ചിലര്‍ക്ക് അറിവ് ധാരാളം ഉണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുളള കഴിവ് കുറവായിരിക്കും, സാരമില്ല, നിങ്ങള്‍ക്ക് വേണ്ടി വേറെ നല്ല ജോലി കാത്തിരിപ്പുണ്ട്…”
കുറച്ച് ദിവസം കഴിഞ്ഞു. അയാള്‍ക്ക് വേറെ ഒരു ജോലി കിട്ടി. ജോലി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ആ ജോലിയും നഷ്ടമായി. അപ്പോഴും ഭാര്യ സമാധാനിപ്പിച്ചു. ‘പരിചയസമ്പന്നതയുടെ കുറവ് കാരണമാണ് നിങ്ങള്‍ക്ക് ജോലി നഷ്ടമായത്. നല്ല ജോലി ഉടനെ കിട്ടും.’
അയാൾ തളര്‍ന്നുപോകാന്‍ അവര്‍ ഒരിക്കലും അനുവദിച്ചതേയില്ല. വിവിധതരം ജോലികള്‍ അയാള്‍ക്ക് ലഭിച്ചു. പല കുറവുകള്‍കൊണ്ടും അത് നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ കടന്നുപോയി. അനേകം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് സാധിച്ചു. ഒടുവിൽ ഒരു കൗണ്‍സിലര്‍ ആയി അയാൾ ജോലി നോക്കി.
താമസിയാതെ വൈകല്യമുളള കുട്ടികള്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ അയാള്‍ തുടങ്ങി. കുറച്ചു നാളുകള്‍ക്ക് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി. അയാള്‍ സമ്പന്നനായി വളർന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍ അയാള്‍ തന്റെ ഭാര്യയോട് ചോദിച്ചു:
”ഞാന്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും നീ എങ്ങിനെയാണ് എന്നില്‍ പൂര്‍ണ്ണവിശ്വാസം അര്‍പ്പിച്ചത്?”
ഭാര്യ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഒരു വയല്‍ ഗോതമ്പ് കൃഷിക്ക് അനുയോജ്യമല്ലെങ്കില്‍ അവിടെ പകരം പച്ചക്കറികളോ പൂകൃഷിയോ ചെയ്തുനോക്കാം. പലതും ചെയ്തു നോക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ആ വയലിന് അനുയോജ്യമായ കൃഷി ഏതെന്ന്. അതുപോലെയാണ് മനുഷ്യരും. ഒരു കഴിവുമില്ലാത്തവര്‍ ആരുമില്ല. എന്നാല്‍ അവര്‍ക്ക് വളരാന്‍ പറ്റുന്നിടത്ത് എത്തുക എന്നതാണ് പ്രധാനം.”
ഒരിക്കല്‍ പരാജയപ്പെട്ടാല്‍ വീണ്ടും വീണ്ടും ശ്രമിക്കുക. അവസാനം നമുക്ക് അനുയോജ്യമായ സ്ഥലത്ത് നാം എത്തിപ്പെടുക തന്നെ ചെയ്യും.
ജീവിത വഴികളിൽ ഇടറിപ്പോകാത്ത സന്തോഷവും സമാധാനവും നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു
സൂര്യനാരായന്നൻ
ചിത്രം: നിുപു കുമാർ