FeatureNEWS

കാറ്റിലാടുന്ന ചെണ്ടുമല്ലി പൂക്കള്‍; സുന്ദരമായ ഓണ കാഴ്ചയുമായി ജയപ്രീതയുടെ മട്ടുപ്പാവ്

പാലക്കാട് ഇടക്കുറുശ്ശി തോട്ടിങ്ങല്‍ വീട്ടില്‍ ജയപ്രീത തീര്‍ച്ചയായും കുടുംബിനികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്‌.മട്ടുപ്പാവില്‍ സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ജയപ്രീതയെ തേടി കലാംസ് വേള്‍ഡ് റെക്കോര്‍ഡ് ആണ് ഇത്തവണ  എത്തിയിരിക്കുന്നത്.
ജയപ്രീതയുടെ വീടിന്റെ ടെറസിലേക്ക് കയറിച്ചെന്നാൽ ചെണ്ടുമല്ലി കൃഷിയും പഴചെടികളും പച്ചക്കറികളുടെയുമൊക്കെ ഹൃദയഹാരിയായ കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുക.ടൈലറിംഗും കേക്ക് നിര്‍മ്മാണവും നടത്തുന്നതോടൊപ്പം സമയം ഒട്ടും പാഴാക്കാതെ കുറഞ്ഞ സ്ഥലത്ത് മട്ടുപ്പാവില്‍ ഒരു സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കിയ ജയപ്രീത തീര്‍ച്ചയായും കുടുംബിനികള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണ്‌.

മട്ടുപ്പാവിലെ സമ്മിശ്ര ജൈവകൃഷി രീതികള്‍ പരിഗണിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഇപ്പോള്‍ കലാം പുരസ്‌ക്കാരവും ലഭിച്ചത്. നാട്ടിലെ നിരവധി സംഘടനകളും കൂട്ടായ്മകളും ജയപ്രീതയെ ആദരിക്കുകയുണ്ടായി.എല്ലാക്കാലത്തും ജയപ്രീതയുടെ മട്ടുപ്പാവില്‍ ഒരു ചെറുവസന്തം വിടര്‍ന്നു നില്‍ക്കുന്നെങ്കിലും, ചിങ്ങത്തിലെ  കാറ്റിലാടുന്ന മഞ്ഞയും വെള്ള നിറത്തിലുമുള്ള ചെണ്ടുമല്ലി പൂക്കള്‍ സുന്ദരമായ ഓണ കാഴ്ചയുമാകുകയാണ്.

നമ്മുടെ സ്ഥലപരിമിതിക്ക് ഉള്ളില്‍ നിന്നു കൊണ്ട് തന്നെ സുരക്ഷിതവും തീര്‍ത്തും ജൈവ രീതിയിലുള്ളതുമായ പച്ചക്കറി മട്ടുപ്പാവില്‍ നിന്നും നമുക്ക് തന്നെ വിളയിച്ചെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ‌ വീട്ടമ്മ. മട്ടുപ്പാവിലെ കൃഷി ടെൻഷൻ കുറയ്ക്കുന്നതും ജീവിതത്തിന് വളരെയേറെ ആനന്ദകരവും ആണെന്ന് ജയപ്രീത പറയുന്നു. വീട്ടിലേക്കാവശ്യമായ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം.വീട്ടിലെ ജൈവ മാലിന്യങ്ങള്‍ തന്നെയാണ് ജയപ്രീത വളമായും ഉപയോഗിക്കുന്നത്.

Back to top button
error: