FeatureNEWS

മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് നിർധന കുടുംബങ്ങൾക്ക് വീട് പണിതു നൽകിയ സുന്ദരൻ മേസ്ത്രി

ത്തു വർഷം മുമ്പ് പ്ലാസ്റ്റിക് കൂരയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പായം വട്ട്യറയിലെ മറിയാമ്മയ്ക്ക് സുന്ദരൻ മേസ്ത്രി കോൺക്രീറ്റ് വീടൊന്നു നിർമിച്ചു നൽകി.അന്ന് ഒറ്റമുറി വീട്ടിലായിരുന്നു മേസ്ത്രിയും മക്കളും കഴിഞ്ഞിരുന്നത്.കഠിനാദ്ധ്വാനി ആയിരുന്നു മേസ്ത്രി.പൊരിവെയിലത്ത് പണിയെടുത്തു കിട്ടിയ തുട്ടുകളൊന്നും വഴിപിഴച്ചു നശിപ്പിച്ചില്ല.പിന്നീട് മേസ്ത്രിയും നല്ലൊരു വീടുവച്ചു.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു.
ബംഗളൂരുവിൽനിന്ന്‌ ഉന്നതപഠനം കഴിഞ്ഞെത്തിയ മകൾ രണ്ടുവർഷം ജോലി ചെയ്തശേഷം മതി കല്യാണമെന്ന് തീരുമാനമെടുത്തതോടെ അച്ഛനും സമ്മതിച്ചു.ഒപ്പം ആ അച്ഛൻ മറ്റൊരു കാര്യം കൂടി ചെയ്തു.മകളുടെ വിവാഹം നടത്താൻ സ്വരൂപിച്ച പണം കൊണ്ട് അഞ്ച് വീടുകൾ പണിയുക.റിയൽ എസ്റ്റേറ്റ് ബിസിനസിന് വേണ്ടിയായിരുന്നില്ല അത് – പാവങ്ങൾക്ക് വേണ്ടിയായിരുന്നു.ഈ തിരുവോണത്തിന് മേസ്ത്രിയും കുടുംബവും അഞ്ച് നിർധനരായ കുടുംബങ്ങൾക്ക് ഈ‌ വീടുകൾ കൈമാറും.
  കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട അഞ്ചുകുടുംബങ്ങളാണ് ഈ പുണ്യത്തിന്റെ തണലറിയുന്നത്. 750 ചതുരശ്ര അടിയിൽ ഒരേ ഘടനയിൽ പണിത അഞ്ച് കോൺക്രീറ്റ് വീടുകളാണ് അഞ്ച് കുടുംബങ്ങൾക്ക് ലഭിക്കുന്നത്.രണ്ട് കിടപ്പുമുറികൾ, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് വീടുകൾ.ചുറ്റുമതിൽ കെട്ടി വേർതിരിച്ച നാല് സെന്റ് വീതമുള്ള വീടുകൾ. പൊതുവായി നിർമിച്ച കിണറിൽനിന്ന് അഞ്ച് വീട്ടിലേക്കും കുടിവെള്ളവും എത്തും. അഞ്ചുവീടുകൾക്കും സ്ഥലത്തിനുംകൂടി ഒരു കോടിയോളം രൂപയാണ് ചെലവ്.
കോളിക്കടവ് തെങ്ങോലയിൽ വീടുകളുടെ അവസാന മിനുക്കുപണികളിലാണ് മേസ്ത്രിയും തൊഴിലാളികളും. സുന്ദരൻ മേസ്ത്രിയും ഭാര്യ ഷീനയും മക്കളായ സോനയും സായന്തുമാണ് വീടുകളുടെ പണിക്ക് നേതൃത്വംനൽകുന്നത്. അഞ്ച് കുടുംബങ്ങൾക്കും 20,000 രൂപ വീതം ഈ വർഷം ഉപജീവനത്തിനും നൽകും.പുതിയ വീട്ടിൽ കിടക്കയും കട്ടിലും ഉൾപ്പെടെ മറ്റ് സൗകര്യങ്ങളും മേസ്ത്രിയും കുടുംബവും ഒരുക്കും.
5 വീടുകൾക്കായി165 അപേക്ഷകൾ ലഭിച്ചെന്ന് മേസ്ത്രി പറയുന്നു. കൃത്യമായ പരിശോധനയിലൂടെയാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. പായം പഞ്ചായത്തിലെ മൂന്നും അയ്യങ്കുന്നിലെ രണ്ടും കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. നിരയായി നിർമിച്ച വീടുകളിൽ ഒന്നാമത്തേത് ഭിന്നശേഷിയിൽപ്പെട്ട കുടുംബത്തിനാണ്. മറ്റ് നാലുവീട്‌ ആർക്കൊക്കെ എന്ന ക്രമം കണ്ടെത്താൻ കുടുംബങ്ങളെ പങ്കെടുപ്പിച്ച് അത്തം നാൾ രാവിലെ പത്തിന് കോളിക്കടവിൽ നറുക്കെടുപ്പ് നടത്തും.

Back to top button
error: